പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളും വ്യാഴാഴ്‌ച (10.02.22) രാവിലെ 11ന് മണ്ണാര്‍ക്കാട് സ്പെഷ്യല്‍ ജില്ലാ കോടതിയില്‍ ഹാജരാകും. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന്‍റെ ഭാഗമായി പ്രതികളോട് ഹാജരാകാൻ മണ്ണാർക്കാട് കോടതി നിർദേശിച്ചിരുന്നു. പ്രതികളെ മണ്ണാര്‍ക്കാട് ജില്ലാ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കാന്‍ അഗളി പൊലീസിനെയാണ് ചുമതലപ്പെടുത്തിയത്.
അഗളി ഡിവൈഎസ്‌പി എന്‍. മുരളീധരന്‍ കോടതിയിൽ ബോധിപ്പിച്ച അപേക്ഷയിലാണ് തീരുമാനം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാവുന്ന നാല് അഭിഭാഷകരുടെ പേരുകളാണ് മധുവിന്‍റെ കുടുംബം നല്‍കിയത്. ഈ മാസം 10ന് മുമ്പായി പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് അഗളി ഡിവൈഎസ്‌പി കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു.
ഇതിന്‍റെ ഭാഗമായാണ് മാര്‍ച്ച് 26ന് വിചാരണക്ക് വെച്ച കേസ് മുന്‍കൂറായി വ്യാഴാഴ്‌ച തന്നെ പരിഗണിക്കുന്നത്. ഇന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിലെത്തുമെന്നാണ് വിവരം.
രേഖകൾ കൈപ്പറ്റി മധുവിന്‍റെ കുടുംബം
കഴിഞ്ഞ വെള്ളിയാഴ്‌ച മണ്ണാര്‍ക്കാട് എത്തി മധുവിന്‍റെ കുടുംബം, കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊലീസില്‍ നിന്ന് കൈപ്പറ്റിയിരുന്നു. നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് മധുവിന്‍റെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് ഡിജിറ്റല്‍ എവിഡന്‍സും, അനുബന്ധ രേഖകളും കൈമാറുമെന്നാണ് വിവരം.
അഡ്വ. നന്ദകുമാർ മധുവിന്‍റെ വീട് സന്ദർശിച്ചു
കേസിൽ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയിൽ ഹാജരാകാതിരുന്നതാണ് കേസ് വിചാരണ വൈകാനുള്ള പ്രധാന കാരണം. നടൻ മമ്മൂട്ടി കേസിനായി അഡ്വ. നന്ദകുമാറിനെ നിയമിക്കാമെന്ന് വാഗ്‌ദാനം ചെയ്യുകയായിരുന്നു. തുടർന്ന് അഡ്വ. നന്ദകുമാർ മധുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംവദിച്ചു.
ഇതിനിടെ സർക്കാർ ഇടപെട്ട്, പബ്ലിക് പോസിക്യൂട്ടർ ആരാകണമെന്ന് മധുവിന്‍റെ കുടുംബത്തോട് ആരാഞ്ഞിരുന്നു. പാലക്കാട്, കൊല്ലം ജില്ലകളിൽ നിന്ന് നാല് അഭിഭാഷകരുടെ പേരുകളാണ് കുടുംബം സർക്കാരിന് നൽകിയത്. ഇതിൽ ഒരാള്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും മറ്റൊരാള്‍ അഡീഷണല്‍ പ്രോസിക്യൂട്ടറുമാവും. ഇവരിലൊരാള്‍ ഇന്ന് മണ്ണാര്‍ക്കാട് ജില്ലാ സ്പെഷ്യല്‍ കോടതിയില്‍ ഹാജരായേക്കും.
READ MORE: മധുവിന്‍റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കുടുംബം