പാലക്കാട്: കേരളത്തിന്‍റെ സാംസ്ക്കാരിക വൈവിധ്യത്തെ സമ്പന്നമാക്കുന്നതിൽ പാലക്കാട് ജില്ലയ്ക്ക് നിർണായകമായ പങ്കുണ്ട്. ആ വൈവിധ്യങ്ങളെ അത്രമേൽ സമ്പന്നമാക്കുന്ന ധാരകളിലൊന്ന് തീർച്ചയായും ഒഴുകിയെത്തിയത് കൽപ്പാത്തിയെന്ന അഗ്രഹാര ഗ്രാമത്തിൽ നിന്നു തന്നെയാണ്. അറുന്നൂറാണ്ടുകളുടെ പഴക്കമുള്ള സംസ്ക്കാരവും പൈതൃകവും പേറുന്ന ഈ തമിഴ് കുടിയേറ്റ ഗ്രാമം കർണാടിക് സംഗീതത്തിന്‍റെ കേന്ദ്രമെന്ന നിലയിലാണ് ഏറെ പ്രസിദ്ധം. ഒന്ന് മറ്റൊന്നിനോട് ചേർന്നിരിക്കുന്ന അഗ്രഹാരവീടുകളുടെ വാസ്തു സൗന്ദര്യം, വെങ്കിടേശ സുപ്രഭാതവും വേദ മന്ത്രോച്ചാരണങ്ങളും ശിവസ്തോത്രങ്ങളും കേട്ടുണരുന്ന തെരുവ്. ഉമ്മറക്കോലായിൽ അരിമാവിൽ വിരിയുന്ന കോലങ്ങൾ, അനുഷ്ഠാനം പോലെ ഒഴിച്ചു കൂടാനാകാത്ത ഹിന്ദു പത്രം വായന, ഇഡലിയിലും സാമ്പാറിലും തുടങ്ങി നെയ്യിൽ മുങ്ങിയ മധുര പലഹാരങ്ങൾ വരെ നീളുന്ന തമിഴ് രുചികൾ,തനിമ ചോരാതെ ആഘോഷിക്കപ്പെടുന്ന വർണ്ണാഭമായ രഥോൽത്സവം. ഇതെല്ലാം തലമുറകൾ കൈമാറിവരുന്ന കൽപ്പാത്തിയുടെ സവിശേഷമായ ജീവിത മുദ്രകളാണ്.
ഇരുകരയിലുമുള്ള കരിങ്കൽപ്പാത്തികൾക്കിടയിലൂടെ ഒഴുകുന്നതിനാലാണ് കൽപ്പാത്തിപ്പുഴയ്ക്ക് ആ പേരുവന്നതെന്നും പുഴയോരത്തെ നാട് പിന്നെ കൽപ്പാത്തിയെന്നറിയപ്പെട്ടു തുടങ്ങിയെന്നും ഒരു വാമൊഴിയുണ്ട്. നദീതീരസംസ്ക്കാരത്തിന്‍റെ അടയാളപ്പെടുതൽ കൂടിയായ കൽപ്പാത്തിയുടെ ചരിത്രം ആരംഭിക്കുന്നത് 14ാം നൂറ്റാണ്ടിലാണ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത് മായാവാരത്ത് നിന്നാണ് ഈ ബ്രാഹ്മണ സമൂഹം പാലക്കാട്ടേക്ക് കുടിയേറുന്നത്. പാലക്കാട്ട് രാജാവായ കോമിയച്ചൻ ക്ഷേത്ര പൂജകൾക്കായി കൊണ്ടുവന്നതാണെന്നും പാണ്ഡ്യരാജാവായിരുന്ന മാരവർമ്മ കുലശേഖരത്തെ മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ രക്ഷതേടി ചുരം താണ്ടി വന്നതാണെന്നും രണ്ട് ചരിത്രം ഇവരുടെ കുടിയേറ്റത്തെക്കുറിച്ചായി പറയപ്പെടുന്നുണ്ട്.
ഒരു തമിഴ് കുടിയേറ്റ ഗ്രാമമെന്നതിനപ്പുറത്തേക്ക് കേരളീയ സംസ്ക്കാരിക ജീവിതത്തിന് അവഗണിക്കാനാവാത്ത സംഭാവനകൾ നൽകിയെന്ന നിലയിലാണ് കൽപ്പാത്തി പ്രാധാന്യമർഹിക്കുന്നത്. സാഹിത്യത്തിലും സംഗീതത്തിലും ബ്യൂറോക്രസിയിലും ശാസ്ത്ര - ഗവേഷണ രംഗത്തും ജുഡീഷ്യറിയിലുമെല്ലാം ഈ അഗ്രഹാരത്തെരുവിൽ നിന്നും തിളക്കമാർന്ന പ്രാതിനിധ്യങ്ങളുണ്ടായിട്ടുണ്ട്. കൽപ്പാത്തിയിലെ കാറ്റിന് പോലും സംഗീതത്തിന്‍റെ താളമുണ്ട്. ഇവിടുത്തുകാരുടെ ജീവശ്വാസവും സംഗീതമാണ്. സി.എസ് കൃഷ്ണയ്യർ, എം.ഡി രാമനാഥൻ, മൃദംഗം മണി അയ്യർ, കെ.വി നാരായണ സ്വാമി, പരമേശ്വര രാമ ഭാഗവതർ, മുണ്ടായ രാമഭാഗവതർ, ദേശമംഗലം രാമനാരായണ അയ്യർ, ജി.കെ ശിവരാമൻ തുടങ്ങിയ വായ്പ്പാട്ടിലും വാദ്യോപകരണങ്ങളിലും അഗ്രഗണ്യരായവരെ വളർത്തിയത് ഈ തെരുവാണ്. മലയാറ്റൂർ രാമകൃഷ്ണൻ, റ്റി.കെ ശങ്കരനാരായണൻ എന്നിവരിൽ തുടങ്ങുന്ന സാഹിത്യകാരന്മാരുടെയും വേരുകൾ കൽപ്പാത്തിയിലാണ്. പങ്കു വയ്ക്കപ്പെടേണ്ട ജീവിത മാതൃകകൾ ഇനിയുമേറെയുണ്ട് ഇവിടെ. അവയെല്ലാം നമ്മുടെ സാംസ്ക്കാരിക ജീവിതത്തെ കൂടുതൽ ദീപ്തമാക്കാൻ പോന്നവയാണ്. കൽപ്പാത്തി പുഴ കാലത്തേയും വഹിച്ച് കൊണ്ട് ഇനിയുമൊരു പാട് ഒഴുകി നീങ്ങും. ഒഴുകിയൊഴുകി ഈ പുഴയൊടുവിൽ നിളയിൽ ലയിക്കുന്നതു പോലെ കൽപ്പാത്തിയുടെ പേരും പെരുമയും സംഗീതവും ലോകത്ത് അലിഞ്ഞ് ചേരട്ടെ.