കോഴിക്കോട്: സൈബര്‍ തട്ടിപ്പിലൂടെ കോഴിക്കോട് താമസിക്കുന്ന ഉത്തരേന്ത്യൻ സ്വദേശിയായ ഡോക്‌ടറിൽ നിന്ന് നിന്ന് നാലു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി ദിനേശ് കുമാര്‍ ഫുല്‍വാനി (48), അലോട്ട് സ്വദേശി ഷാഹിദ് ഖാന്‍ (52) എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്‌റ്റു ചെയ്‌തത്. 4,08,80,457 രൂപയാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്.
കേസിലെ മുഖ്യപ്രതി സുനില്‍ ദംഗി നിലവില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്. തട്ടിയെടുത്ത പണം സുനില്‍ ദംഗി ദിനേശ് കുമാര്‍ ഫുല്‍വാനിയുടെയും ഷാഹിദ് ഖാന്‍റെയും അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തതായി പൊലീസ് പറയുന്നു. അറസ്‌റ്റിലായവരുടെ അക്കൗണ്ടുകളില്‍ നിന്ന് 1.5 കോടി രൂപയോളം കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വാട്‌സ്‌ആപ്പ്, ഫോണ്‍ കോള്‍ എന്നിവയിലൂടയാണ് തട്ടിപ്പ് നടത്തിയത്. ദിനേശ് കുമാറിന്‍റെയും ഷാഹിദ് ഖാന്‍റെയും പക്കല്‍ നിന്ന് മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. 35 വർഷമായി കോഴിക്കോട് താമസിച്ചുവരികയാണ് പരാതിക്കാരനായ ഡോക്‌ടർ.
സിനിമ കഥയെ വെല്ലുന്ന തട്ടിപ്പ്: ജനുവരി 31നാണ് പരാതിക്കാരനായ ഡോക്‌ടറെ അമിത് എന്നയാള്‍ ഫോണില്‍ ബന്ധപ്പെടുന്നത്. ഡോക്‌ടറുടെ സമുദായത്തില്‍പെട്ട ആളാണെന്ന് പറഞ്ഞായിരുന്നു തുടക്കം. തനിക്ക് ടീ പൗഡർ വിതരണം ചെയ്യുന്ന ജോലി ആയിരുന്നെന്നും കൊവിഡിന് ശേഷം കടക്കെണിയിലായെന്നും സഹായിക്കണമെന്നും അമിത് പറഞ്ഞു. പണം ആയിരുന്നു ഇയാളുടെ ആവശ്യം. പാരലൈസ് ആയ തന്‍റെ ഭാര്യ ഗര്‍ഭിണിയാണെന്നും അടുത്തുള്ള ക്ലിനിക്കില്‍ ഡോക്‌ടര്‍ ശര്‍മ്മയുടെ ചികിത്സയില്‍ ആണെന്നും തനിക്ക് ധാരാളം കടം ഉള്ളതിനാല്‍ ഇപ്പോള്‍ ആരും സഹായിക്കാന്‍ ഇല്ല എന്നും ഇയാള്‍ പറഞ്ഞു. മരുന്ന് വാങ്ങുന്നതിനായി പണം നല്‍കി സഹായിക്കണെന്ന് ആവശ്യപ്പെട്ട് പ്രിസ്‌ക്രിപ്ഷന്‍ അയച്ചു കൊടുത്തത് പ്രകാരം ക്യൂ ആര്‍ കോഡിലേക്ക് പരാതിക്കാരൻ 5000 രൂപ അയച്ചു കൊടുക്കുകയായിരുന്നു.
തുടർന്ന് ഭാര്യ പ്രസവിച്ചെന്നും ഹോസ്‌പിറ്റല്‍ ചെലവിനായി 10,000 രൂപ അയച്ച് തന്ന് സഹായിക്കണമെന്നും അമിത് ആവശ്യപ്പെട്ടു. ഇത് പ്രകാരം പരാതിക്കാരൻ 5000 രൂപ കൂടി അയച്ചു കൊടുത്തു. കട ബാധ്യതകളില്‍ നിന്നും മറ്റ് ദുര്യോഗങ്ങളില്‍ നിന്നും താന്‍ രക്ഷപ്പെടുന്നതിനായി അമ്മ നിരാഹാര വ്രതം അനുഷ്‌ഠിച്ചിരുന്നു എന്നും തുടര്‍ന്ന് അവര്‍ മരണപ്പെട്ടുവെന്നും പിന്നീട് ഫോണില്‍ ബന്ധപ്പെട്ട് അമിത് പരാതിക്കാരനെ ധരിപ്പിച്ചു. തന്‍റെ ബുദ്ധിമുട്ട് കാരണം കുടുംബത്തോടെ ആത്‌മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.
ആശുപത്രി ചെലവുകള്‍ക്കായി കഷ്‌ടപ്പെടുകയാണെന്നും സഹായിക്കണമെന്നും കരഞ്ഞപേക്ഷിച്ചതിനെ തുടര്‍ന്ന് പല തവണകളായി പരാതിക്കാരൻ 1,22,000 രൂപ അയച്ചു കൊടുത്തിരുന്നു. അമിതിന്‍റെ കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന് പറഞ്ഞ് ഡോക്‌ടര്‍ ശര്‍മ എന്നയാൾ പരാതിക്കാരനെ വിളിക്കുന്നു. സര്‍ജറി ആവശ്യമാണെന്നും പകുതി തുക ഒഴിവാക്കി തരാമെന്നും ബാക്കി തുക അടയ്‌ക്കണമെന്നും പരാതിക്കാരനോട് ഇയാള്‍ പറയുന്നു.
തന്‍റെ വീട്ടില്‍ ഗ്യാസ്, ഇലക്‌ട്രിസിറ്റി കണക്ഷനുകള്‍ ബില്‍ അടക്കാത്തതിനാല്‍ വിച്‌ഛേദിക്കപ്പെട്ടുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ 38000 രൂപ കൂടി അയച്ചു കൊടുത്തു. എന്നാൽ വീട്ടില്‍ ഇലക്‌ട്രിസിറ്റി കണക്ഷന്‍ പുനഃസ്ഥാപിച്ച് ലൈറ്റ് ഓണ്‍ ആയതോടെ കടക്കാര്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുയാണെന്നും ഇത് സംബന്ധിച്ച് പൊലീസില്‍ കേസെടുത്തുവെന്നും അമിത് അറിയിച്ചു. മാത്രമല്ല നിയമ നടപടികള്‍ക്ക് പണം ആവശ്യമുണ്ടെന്നും അറിയിച്ചു. അതേസമയം കടക്കാര്‍ വീട്ടില്‍ വന്നു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് തന്‍റെ സഹോദരി ആത്മഹത്യ കുറിപ്പ് എഴുതി വച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതായും അമിത് അറിയിച്ചു. ആത്മഹത്യ കുറിപ്പും പരാതിക്കാരന് അയച്ച് കൊടുത്തു.
കടക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അമിത് കേസിൽ പ്രതിയായെന്നും കടങ്ങൾ ഉടൻ വീട്ടിയില്ലെങ്കിൽ അമിത് അറസ്‌റ്റിലാകുമെന്നും ടൗണ്‍ ഇന്‍സ്‌പെക്‌ടര്‍ എന്ന് പരിചയപ്പെടുത്തിയ യശ്വര്‍ധന്‍ എന്നയാള്‍ ഫോണ്‍ മുഖേന പരാതിക്കാരനോട് പറഞ്ഞു. അമിത് അയാളുടെ അച്‌ഛന്‍റെ പേരിലുള്ള സ്ഥലം വിൽപന നടത്തി പണം തിരികെ നൽകുമെന്നും അതിന് സഹായിക്കാമെന്നും യശ്വര്‍ധന്‍ അറിയിച്ചു. വിൽപനയ്‌ക്കുള്ള പ്രസ്‌തുത സ്ഥലത്ത് ഇപ്പോള്‍ ഇതര സമുദായത്തില്‍പ്പെട്ട അനധികൃത താമസക്കാര്‍ ആണെന്നും സ്ഥലം ഒഴിപ്പിച്ച് നൽകാമെന്നും ഇൻസ്‌പെക്‌ടറെന്ന വ്യാജേന വിളിച്ച യശ്വര്‍ധന്‍ അറിയിച്ചു.
അതേസമയം തന്‍റെ സ്ഥലത്ത് നിന്നും അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുമ്പോള്‍ നിയമ വിരുദ്ധമായ വസ്‌തുക്കള്‍ കണ്ടെത്തിയതായി അമിത് പരാതിക്കാരനെ അറിയിച്ചു. ഇതറിഞ്ഞ് മാധ്യങ്ങൾ എത്തിയെന്നും ഇക്കാര്യം സെറ്റില്‍ ചെയ്യുന്നതിനായി 24 ലക്ഷം രൂപ അടിയന്തുരമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതോടെ പരാതിക്കാരൻ അതും അയച്ച് കൊടുക്കുന്നു. അമിതിന്‍റെ സ്ഥലത്തെ താമസവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായെന്നും അതിൽ ഒരാള്‍ മരിച്ചുവെന്നും ടൗണ്‍ ഇൻസ്‌പെക്‌ടറെന്ന വ്യാജേന വിളിച്ച യശ്വര്‍ധന്‍ അറിയിക്കുന്നു. ഇക്കാര്യം സെറ്റില്‍ ചെയ്യുന്നതിനായി 24 ലക്ഷം രൂപ കൂടി അടിയന്തരമായി സംഘടിപ്പിക്കാന്‍ അറിയിക്കുന്നു. കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രോക്‌ടര്‍ എന്ന് പരിചയപ്പെടുത്തിയ ശീതള്‍ ജെയിന്‍ എന്നയാള്‍ അയാള്‍ക്ക് പണം നല്‍കിയാല്‍ സ്ഥലം നല്ല വിലയ്ക്ക് വിറ്റ് ഒരു മാസത്തിനുള്ളില്‍ പണം നല്‍കാം എന്ന് പരാതിക്കാരനെ അറിയിച്ചു.
അതേസമയം അമിത് ഇതര സമുദായക്കരാല്‍ കിഡ്‌നാപ്പ് ചെയ്യപ്പെട്ടുവെന്നും അയാളെ രക്ഷിക്കാന്‍ 28 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ട് അവർ വീണ്ടും പരാതിക്കാരനെ സമീപിച്ചു. അമിത് മരണപ്പെട്ടാല്‍ ഭൂമി വില്‍ക്കാന്‍ ആകില്ലെന്നും നല്‍കിയ പണം തിരികെ കിട്ടാതാവും എന്നും അറിയിച്ചു. യശ്വര്‍ധന്‍ ഏര്‍പ്പെടുത്തിയ പ്രകാരം ശീതള്‍ ജെയിന്‍റെ പാര്‍ട്‌ണറും സ്ഥലത്തെ പ്രമാണിയും സമുദായ പ്രമുഖനുമായ രാജേന്ദ്ര സിങ്ങിന് 3.5 കോടിക്ക് സ്ഥലം രജിസ്‌റ്റര്‍ ചെയ്‌ത് കൊടുക്കാമെന്നും അയാള്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌ത് കൊള്ളാം എന്നും അറിയിക്കുന്നു.
രജിസ്‌റ്റര്‍ ചെയ്‌ത സ്ഥലത്ത് ഉണ്ടായിരുന്ന പ്രാര്‍ഥനാ സ്ഥലം ഒഴിപ്പിക്കുന്നതിനിടെ സ്ഥലത്തെ ഡിഐജി ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തിയവർ രാജേന്ദ്ര സിങ്ങിനെയും അമിതിനെയും അറസ്‌റ്റ് ചെയ്‌തതായി അറിയിക്കുന്നു. അന്വേഷണ ടീമിലെ എഎസ്‌പി ചമഞ്ഞ ജാദവ് എന്നയാൾ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി 1.11 കോടി അടിയന്തരമായി സംഘടിപ്പിക്കേണ്ടതുണ്ടെന്നും, പരമാവധി തങ്ങള്‍ സ്വരൂപിക്കാം എന്നും, ഒരു തുക പരാതിക്കാരനോട് അയക്കാനും പറയുന്നു.
പിന്നീട് അമിതിന്‍റെ സഹോദരി രാജേന്ദ്ര സിങ്ങിന്‍റെ വീട്ടില്‍ ആത്‌മഹത്യ ചെയ്‌തുവെന്നും ആത്മഹത്യ കുറിപ്പില്‍ പരാതിക്കാരന്‍റെ പേരുണ്ടെന്നും ഐപിസി 304 പ്രകാരം പരാതിക്കാരൻ കേസില്‍ പ്രതിയാകുമെന്നും ടൗണ്‍ ഇന്‍സ്‌പെക്‌ടറുടെ വേഷം കെട്ടിയ ആൾ വിളിച്ച് അറിയിക്കുന്നു. പരാതിക്കാരനെ കേസിൽ നിന്നും ഒഴിവാക്കാൻ പൊലീസിന് കൈക്കൂലി നൽകാനെന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാനില്ലാതെ വന്നതോടെ സ്വർണം പണയം വയ്ക്കാൻ മകന്‍റെ സഹായം തേടി.
തുടർന്ന പരാതിക്കാരന്‍റെ മകൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഓഗസ്‌റ്റ് 31ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആരാധനാലയങ്ങൾക്കടക്കം വലിയ സംഭാവനകൾ നൽകുന്ന വ്യക്തിയായിരുന്നു പരാതിക്കാരൻ. ഇത് മനസിലാക്കിയ ശേഷമാണ് പ്രതികൾ തട്ടിപ്പിന് മുതിർന്നത് എന്നായിരുന്നു പൊലീസ് പറഞ്ഞത്.
ശ്രദ്ധിക്കുക: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് ഇരയായവര്‍ 1980 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.
Also Read: മുംബൈ പൊലീസിന്‍റെ 'അറസ്റ്റ് ഭീഷണി', യുവതിക്ക് നഷ്‌ടമായത് ലക്ഷങ്ങള്‍; സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്