പാലക്കാട്: കൈക്കൂലി പണവുമായി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാർ വിജിലൻസ് പിടിയിലായി. കോങ്ങാട് ഒന്നാം വില്ലേജ് ഓഫീസിലെ മനോജ്, പ്രസന്നൻ എന്നിവരെയാണ് ജില്ല വിജിലൻസ് സംഘം പിടികൂടിയത്. ചല്ലിക്കൽ സ്വദേശി കുമാരന്‍റെ കൈയിൽ നിന്ന് കൈകൂലിയായി വാങ്ങിയ 50,000 രൂപയാണ് ഡിവൈഎസ്‌പി പി ഷംസുദ്ദീനും സംഘവും പിടിച്ചെടുത്തത്.
കുമാരന് തന്‍റെ പൈതൃകസ്വത്തായ 53 സെന്‍റ് സ്ഥലത്തിന് പുറമേ 16 സെന്‍റ് സ്ഥലം കൈവശമുണ്ടായിരുന്നു. ക്യാൻസർ രോഗിയായ മകളുടെ ചികിത്സക്കും മറ്റ് ചെലവിനുമായി പണം കണ്ടെത്താൻ പട്ടയം കിട്ടാനായി അപേക്ഷ നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാർ ആദ്യം സ്ഥലം നേരിട്ടെത്തി അളന്നിരുന്നു. ഇതിനായി 5000 രൂപ വീതം രണ്ട് തവണ വാങ്ങി.
രേഖകൾ ശരിയാക്കി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ വേണമെന്ന് ഇവർ കുമാരനോട് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചെങ്കിലും ഗത്യന്തരമില്ലാതെ 55,000 രൂപ നൽകാമെന്ന് അറിയിക്കുകയും ബുധനാഴ്ച 5000 രൂപ നൽകിയ ശേഷം വിവരം വിജിലൻസിനെ കുമാരൻ അറിയിച്ചു.
വില്ലേജ് ഓഫീസിന് സമീപത്തെ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് പണം കൈമാറിയത്. പ്രദേശത്ത് കാത്ത് നിന്ന വിജിലൻസ് സംഘം ഇരുവരെയും പിടികൂടി. നടപടികൾക്ക് ശേഷം തൃശൂരിലെ വിജിലൻസ് കോടതിയിൽ എത്തിച്ച് ഇരുവരെയും റിമാൻഡ് ചെയ്‌തു. പ്രദേശത്ത് സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥർ ധാരാളമായി ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
ALSO READ: വേനൽചൂട് തുടങ്ങുന്നു, തണുപ്പിക്കാൻ പനനൊങ്ക് വരുന്നുണ്ട്