പാലക്കാട്: സസ്പെൻഷൻ കാലാവധി കഴിഞ്ഞ പികെ ശശി എംഎൽഎയെ ജില്ലാ കമ്മിറ്റിയില്‍ ഉൾപ്പെടുത്തണമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാർശ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയർന്നത്. 42 അംഗ ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ശശിയെ തിരിച്ചെടുക്കുന്നതിനെ പിന്തുണച്ചു. 14 പേര്‍ മാത്രമാണ് തീരുമാനത്തോട് വിയോജിച്ചത്. ജില്ലാ കമ്മിറ്റി ശുപാര്‍ശയില്‍ സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
വിഷയത്തിലെ സംസ്ഥാന സമിതി തീരുമാനം കേന്ദ്ര കമ്മിറ്റിക്കും അംഗീകരിക്കേണ്ടി വരും. ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിലാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പികെ ശശിയെ പാർട്ടിയിൽ നിന്നും സസ്പെന്‍റ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചിരുന്നെങ്കിലും ശശിയെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരുന്നില്ല.
വിശ്വാസ വിഷയങ്ങളില്‍ സംസ്ഥാന സമിതി അംഗീകരിച്ച തിരുത്തൽ രേഖ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു. ഏരിയാ സമ്മേളനത്തിൽ മത്സരം നടന്ന സ്ഥലങ്ങളില്‍ പരാജയപ്പെട്ടവരെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പറഞ്ഞതായും സൂചനയുണ്ട്. പാലക്കാട് വിവിധ ഏരിയാ സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടന്നതായി നേരത്തെ സംസ്ഥാന സമിതി കണ്ടെത്തിയിരുന്നു.