പാലക്കാട്: നിലവിളക്ക് മറിഞ്ഞുവീണ് ഓലപ്പുര കത്തി നശിച്ചു. മുറിക്കുള്ളിൽ കിടന്നുറങ്ങിയ രണ്ടര വയസുകാരൻ അത്ഭുകരമായി രക്ഷപ്പെട്ടു. കോവിൽപാളയത്ത് പ്രഭുവിന്‍റെ വീടാണ് കത്തി നശിച്ചത്. അപകടസമയം പ്രഭുവിന്‍റെ ഇളയ മകൻ ആദുഷ് മാത്രമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്.
വീടിന് മുകളിൽനിന്ന് പുക ഉയരുന്നത് കണ്ട് പ്രഭുവിന്‍റെ അമ്മ കനകം നിലവിളിച്ചതോടെ സമീപവാസികൾ ഓടിയെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. വീടും വീട്ടു സാമഗ്രികളും പൂർണമായി കത്തി നശിച്ചു. ലൈഫ് മിഷനിൽ വീടിന് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുകയാണ് പ്രഭു.
വർഷങ്ങളായി ഈ ഓലപ്പുരയിലാണ് പ്രഭുവും ഭാര്യ അഞ്ജലിയും മൂന്നു മക്കളും കഴിയുന്നത്. ഇവരുടെ തിരിച്ചറിയൽ രേഖകളും വസ്ത്രങ്ങളും കത്തി നശിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഴ്‌ചകളായി ജോലിക്ക് പോകാൻ ആയിട്ടില്ല. മറ്റു വരുമാന മാർഗമില്ലാത്തതിനാൽ വീടിന്‍റെ അറ്റകുറ്റപ്പണിക്കും പണമില്ലാത്ത സാഹചര്യമാണ്.
സമീപത്തുള്ള ബന്ധു വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. എലപ്പുള്ളി പഞ്ചായത്ത് അധികൃതരോട് വീട് കത്തി നശിച്ച വിവരം അറിയിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് പ്രഭു പറയുന്നു. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ച് പ്രഭു മാസങ്ങളോളം ആശുപത്രിയിലായിരുന്നു.
READ MORE: നട്ടപ്പാതിരാക്ക് പെരിന്തൽമണ്ണയിലെത്തി ചായ കുടിച്ചാലെന്താ?; യൂത്ത് കോൺഗ്രസ് പ്രതിഷേധം