പാലക്കാട് : തൃത്താല കറുകപുത്തൂരിൽ മയക്ക് മരുന്നിന് അടിമയാക്കി പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തുമെന്നും എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നിയമസഭ സ്പീക്കറും സ്ഥലം എം.എൽ.എയുമായ എം.ബി രാജേഷ്.
ജൂലൈ ഒന്നിനാണ് ഇങ്ങനെയൊരു സംഭവം സംബന്ധിച്ച സൂചനകൾ പ്രദേശത്തെ ചില പൊതുപ്രവർത്തകർ എം.ബി രാജേഷിനെ ഫോണിൽ വിളിച്ചറിയിച്ചത്.
also read: പാലക്കാട് ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അമ്മ
തുടർന്ന് ജൂലൈ മൂന്നാം തിയ്യതി പെൺകുട്ടിയുടെ ഒരു ബന്ധുവും ചില പൊതുപ്രവർത്തകരും നേരിൽ വന്ന് കണ്ട് സംസാരിച്ചു. സ്പീക്കറുടെ നിർദേശപ്രകാരമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ പരാതി തയ്യാറാക്കിയത്.
ഇതിനായി അഭിഭാഷകന്‍റെ സഹായവും ലഭ്യമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും എം.ബി രാജേഷ് പറഞ്ഞു.
പെൺകുട്ടിക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയൊരു മാഫിയ തന്നെ ഇതിനുപിന്നില്‍ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.