പാലക്കാട്: പാലക്കാട് ജില്ലയിലും കെഎസ്ആർടിസിയുടെ കെ സ്വിഫ്‌റ്റ് ബസ് സർവീസ് ആരംഭിച്ചു. ബെംഗളൂരുവിലേക്കാണ് ആദ്യ സർവീസ് നടത്തിയത്. ചൊവ്വാഴ്‌ച രാത്രി ആരംഭിച്ച ആദ്യ സര്‍വീസിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചത്.
രണ്ട് സ്വിഫ്റ്റ് ബസാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. ദിവസവും രാത്രി ഒമ്പതിന് പാലക്കാട്ടേക്കും തിരിച്ചും സർവീസുണ്ട്. രണ്ടിടത്തും രാവിലെ അഞ്ചിന് എത്തുന്ന രീതിയിലാണ് ക്രമീകരണം.
39 സീറ്റുകളാണ് ബസില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിലേക്ക് 616 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസുകളിൽ 1000ത്തിനും 1,500നും ഇടയിലാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസിയുടെ വെബ്സൈറ്റിലൂടെ സ്വിഫ്‌റ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം. കൊവിഡിന് ശേഷം ബെംഗളൂരുവിലേക്കുള്ള യാത്രയ്‌ക്ക് സ്വകാര്യ ബസുകളെയാണ് പാലക്കാട് ജില്ലയിലുള്ളവര്‍ ആശ്രയിക്കുന്നത്. വിദ്യാർഥികളും ജോലിക്ക് പോകുന്നവരുമടക്കം ഒട്ടേറെപ്പേർ ബെംഗളൂരുവിലേക്ക് ആഴ്‌ച തോറും യാത്ര ചെയ്യുന്നവരാണ്, ഇവർക്കെല്ലാം സ്വിഫ്റ്റ് ആശ്വാസമാകും.
സ്വകാര്യ ബസുകൾ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി നടത്തുന്ന കൊള്ള തടയാനും ഇതിലൂടെ സാധ്യമാകും. കൂടുതൽ സ്വിഫ്റ്റ് ബസുകള്‍ ജില്ലയ്ക്ക് അനുവദിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടേക്കും സർവീസ് ആലോചിക്കുന്നു. അടുത്ത ഘട്ടം കൂടുതൽ സ്വിഫ്റ്റ് അനുവദിക്കുമെന്നാണ് പ്രതീക്ഷ.
Also read: ചെങ്ങന്നൂരിൽ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; 2 മരണം