പാലക്കാട് : കാട്ടാന ശല്യത്തെ തുടർന്ന് വിള നശിച്ച ജ്യോതിമണിക്ക് കൃഷി ഭവന്‍റെ സഹായ ഹസ്‌തം. വൈദ്യുതി വേലി അടക്കം നിഷ്പ്രയാസം നശിപ്പിച്ച് കാട്ടാനകൾ കൂട്ടമായും ഒറ്റതിരിഞ്ഞും കൃഷിയിടത്തിലെത്തി വിളകള്‍ നശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കാട്ടാനകൾ ഇത്തരത്തിൽ ഏകദേശം അറുന്നൂറോളം വാഴകളാണ് നശിപ്പിച്ചത്. ഈ വാർത്ത ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് സഹായവുമായി ഷോളയൂർ കൃഷി ഭവൻ മുന്നോട്ട് വന്നത്.
'നഷ്‌ടപരിഹാരം ലഭിക്കുന്നതിന് നടപടിയെടുക്കും'
ഷോളയൂരിലെ കൃഷി ഓഫിസർ എ.ശെൽവിയും സംഘവും കൃഷിയിടത്തിലെത്തി വിളനാശം തിട്ടപ്പെടുത്തി. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് കൈമാറി.
സംസ്ഥാന സർക്കാരിന്‍റെ വിള ഇൻഷുറൻസ് പദ്ധതിയിലേക്ക് ജ്യോതിമണി അപേക്ഷിച്ചിട്ടുണ്ടെന്നും അർഹമായ നഷ്‌ടപരിഹാരം ലഭ്യമാക്കാനുള്ള എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും കൃഷി ഓഫിസർ പറഞ്ഞു.
പതിവായി വന്യമൃഗങ്ങളുടെ ആക്രമണം
ഷോളയൂർ കടമ്പാറ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതിനാൽ പ്രദേശത്ത് കൃഷി ചെയ്യുകയെന്നത് വെല്ലുവിളിയാണെന്നും ഇതേതുടർന്നാണ് അട്ടപ്പാടിയിൽ കരിമ്പ് കൃഷി ഇല്ലാതായിരിക്കുന്നതെന്നും ഷോളയൂർ കൃഷി ഓഫിസർ എ. ശെൽവി കൂട്ടിച്ചേർത്തു.
പതിവായി പ്രദേശത്തെ കൃഷിയിടത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് കൃഷി നാശം സംഭവിക്കുന്നുണ്ട്. കുടുംബശ്രീയിൽ നിന്നുൾപ്പെടെ ലോണെടുത്തും ആഭരണങ്ങൾ പണയംവച്ചും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് നിലവിൽ ജ്യോതിമണിയ്ക്കുള്ളത്.
കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നും വേണം കടങ്ങൾ വീട്ടാനെന്നിരിക്കെ കൃഷി ചെയ്യാനനുകൂലമായ സാഹചര്യമില്ലെങ്കിൽ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ജ്യോതിമണി.
READ MORE: പ്രതിസന്ധികള്‍ നിരവധി , പക്ഷേ കൃഷി കൈവിടാനൊരുക്കമല്ല ജ്യോതിമണി