പാലക്കാട്: തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ, ജൂലൈ മാസങ്ങളിൽ തിമിർത്തു പെയ്യുന്ന പതിവ് തെറ്റുന്നു. കഴിഞ്ഞ നാല് വർഷമായി ജൂലൈ അവസാനമോ ഓഗസ്റ്റിലോ ആണ് മഴ ശക്തമാകുന്നത്. 2015 മുതൽ പിന്നിലേക്കുള്ള കാലങ്ങളിലൊക്കെ ഓഗസ്റ്റിൽ മഴ കുറഞ്ഞുതന്നെയാണ് ലഭിച്ചിരുന്നത്.
എന്നാൽ, 2018ലെ പ്രളയത്തോടെ കാര്യങ്ങൾ മാറി. പ്രളയമുണ്ടായ 2018 ഓഗസ്റ്റിൽ ജില്ലയിൽ പെയ്‌തത് ശരാശരി 848.8 മില്ലീ മീറ്റർ മഴയാണ്. 154 ശതമാനം അധിക മഴ ലഭിച്ചു.
2019 ജൂണിലും ജൂലൈയിലും രേഖപ്പെടുത്തിയത് 695.3 മില്ലീ മീറ്ററാണ്. ഓഗസ്റ്റിൽ മാത്രം പെയ്‌തത് 1030.6 മില്ലീ മീറ്റർ മഴയാണ്. 2020, 2021, 2022 വർഷങ്ങളിലും ഇത് ആവർത്തിച്ചു.
ജൂലൈ അവസാനത്തോടെയാണ് ഇത്തവണ മഴ ശക്തമായത്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ ജില്ലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം 10 ശതമാനം കുറവാണ്. 1349.2 മില്ലീമീറ്റർ കിട്ടേണ്ടിടത്ത് 1210.3 മില്ലീമീറ്റർ മഴയാണ് പെയ്‌തത്.
മഴയുടെ ലഭ്യത അനുസരിച്ച് അണക്കെട്ടുകളിലും ക്രമീകരണം നടത്തിയത് ഗുണമായി. അപ്പർ റൂൾ കർവ് തീരുമാനിച്ച് അതിന് അനുസരിച്ച് വെള്ളം ഒഴുക്കി സുരക്ഷിതമാക്കുകയാണ് കഴിഞ്ഞ മൂന്ന് വർഷമായി ചെയ്യുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൾ ചുവടെ ചേർക്കുന്നു;
വർഷം | ജൂൺ | ജൂലൈ | ഓഗസ്റ്റ് |
2016 | 461.5 മില്ലീ മീറ്റർ | 336.6 മില്ലീ മീറ്റർ | 158.2 മില്ലീ മീറ്റർ |
2017 | 433.2 മില്ലീ മീറ്റർ | 317.2 മില്ലീ മീറ്റർ | 398 മില്ലീ മീറ്റർ |
2018 | 679.9 മില്ലീ മീറ്റർ | 776.9 മില്ലീ മീറ്റർ | 848.8 മില്ലീ മീറ്റർ |
2019 | 695.3 മില്ലീ മീറ്റർ | 695.3 മില്ലീ മീറ്റർ | 1030.6 മില്ലീ മീറ്റർ |
2022 | 136.1 മില്ലീ മീറ്റർ | 741.8 മില്ലീ മീറ്റർ | 322.4 മില്ലീ മീറ്റർ |
വ്യാഴാഴ്‌ച(01.09.2022) രാവിലെ എട്ടര വരെ 24 മണിക്കൂറിൽ ജില്ലയിൽ പെയ്‌തത് 36.53 മില്ലീ മീറ്റർ മഴയാണ്.
വിവിധ പ്രദേശങ്ങളിൽ ലഭിച്ച മഴയുടെ അളവ്
പ്രദേശം | മഴ ലഭിച്ചത് |
ചിറ്റൂർ | 92 മില്ലീ മീറ്റർ |
കൊല്ലങ്കോട് | 46.8 മില്ലീ മീറ്റർ |
ആലത്തൂർ | 26.9 മില്ലീ മീറ്റർ |
ഒറ്റപ്പാലം | 20 മില്ലീ മീറ്റർ |
പറമ്പിക്കുളം | 13 മില്ലീ മീറ്റർ |
തൃത്താല | 2 മില്ലീ മീറ്റർ |
പാലക്കാട് | 55 മില്ലീ മീറ്റർ |