പാലക്കാട്: മലമ്പുഴയിൽ കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലുപേർ പിടിയിൽ. കുനുപ്പുള്ളി സ്വദേശി കൃഷ്‌ണകുമാർ (42), തൂപ്പള്ളം സ്വദേശി പരമേശ്വരൻ (45), മണലി സ്വദേശി സനത്ത് (30), ആനപ്പാറ സ്വദേശി മുകേഷ് (37) എന്നിവരാണ് മലമ്പുഴ പൊലീസിന്‍റെ പിടിയിലായത്.
തിങ്കളാഴ്‌ച രാവിലെ കൊട്ടേക്കാട് കാളിപ്പാറയിൽ എസ്ഐ അനിലകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. വാഹനം പരിശോധിച്ച പൊലീസ്, ബക്കറ്റുകളിൽ സൂക്ഷിച്ച 15 കിലോയിലധികം കാട്ടുപന്നിയുടെ ഇറച്ചി കണ്ടെത്തി.
മലമ്പുഴ സ്റ്റേഷനിലെത്തിച്ച് സിഐ സുനിൽ കൃഷ്‌ണയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് വിൽപ്പനയ്ക്കെത്തിച്ച പന്നിയിറച്ചിയാണെന്ന് കണ്ടെത്തിയത്. പുതുനഗരത്ത് നിന്ന് വേട്ടയാടി കിട്ടിയ ഇറച്ചി മലമ്പുഴയിലെത്തിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യം.
ഇവർക്ക് ഇറച്ചി കൈമാറിയ പുതുനഗരം സ്വദേശിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. പ്രതികളെ വാളയാർ റേഞ്ച് ഫോറസ്റ്റിന് കൈമാറി. മുകേഷ് സമാനമായ അഞ്ച് കേസിൽ പ്രതിയാണ്.
Also read: അമ്പലമുക്ക് കൊലപാതകം: പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പൊലീസ് ശേഖരിച്ചു