പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെൽകൃഷിക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. കൂടുതൽ മഴ ലഭിച്ചതിനെ തുടര്‍ന്ന് പാടങ്ങളിൽ വെള്ളം നിൽക്കുന്നതിനാൽ ഇത്തവണ പൊടിവിത നടക്കില്ല, പകരം ഞാറ്റടി തയ്യാറാക്കി പറിച്ചു നടണം. പലയിടത്തും മൂപ്പനുസരിച്ച് ഞാറ്റടികൾ പറിച്ചു നടല്‍ ആരംഭിച്ചിട്ടുണ്ട്.
പരമാവധി ഒരു മാസത്തിനകം ഞാറ്റടി പറിച്ചു നട്ടാലെ നല്ല വിളവ് ലഭിക്കൂ. 110 മുതൽ 130 ദിവസം വരെ മൂപ്പുള്ള ജ്യോതി, ഉമ, ജയ വിത്തുകളാണ് കർഷകർ കൂടുതലായി ഒന്നാംവിളയ്‌ക്ക് ഉപയോഗിക്കുന്നത്. മഴയത്ത് നെൽക്കതിർ വീഴാതിരിക്കാനുള്ള ശേഷി, രോഗ പ്രതിരോധശേഷി, നെല്ല് കൊഴിച്ചിൽ കുറവ് എന്നിവ പരിഗണിച്ചാണ് വിളയിറക്കുന്നത്.
വിതയ്‌ക്കാനാണെങ്കിൽ ഏക്കറിന് 35 മുതൽ 40 കിലോ വരെ വിത്ത് വേണം. പറിച്ചു നടാൻ ഏക്കറിന് 30 മുതൽ 35 കിലോ വരെ മതി. ഈ മാസം അവസാനം കാലവർഷം കനക്കുമെന്ന് റിപ്പോർട്ടുളളതിനാൽ പറിച്ചു നടീലിന് നിലം ഒരുക്കുകയാണ് കർഷകർ.
ഒന്നാംവിളയ്‌ക്ക് അണക്കെട്ടുകളിലെ വെള്ളം സാധാരണ ആവശ്യമായി വരില്ല. പൂർണമായും മഴയെ ആണ് ആശ്രയിക്കുക. വെള്ളച്ചാലുകൾ, തോടുകൾ, വരമ്പുകൾ എല്ലാം വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയും വരമ്പൊരുക്കിയും തയ്യാറാക്കി കഴിഞ്ഞു.
സപ്ലൈകോ 28 രൂപയ്‌ക്കാണ് നെല്ല് സംഭരിക്കുന്നത്. മികച്ച വില ലഭിക്കുമെന്നതിനാൽ അമ്പതിനായിരത്തിലേറെ കർഷകരാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. സംഭരണ തുക വൈകാതെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.