പാലക്കാട്: കൊവിഡ് പരിശോധനാ ഫലം വേഗത്തിൽ ലഭിക്കുന്ന ട്രൂനാറ്റ് റാപ്പിഡ് പി.സി.ആർ ടെസ്റ്റ് മെഷീൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചു. ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചിലവിട്ടാണ് ഉപകരണം സ്ഥാപിച്ചത്. ഇത് വഴി കൊവിഡ് പരിശോധനാഫലം രണ്ട് മണിക്കൂറിനുള്ളിൽ ലഭിക്കും. ജില്ലയിലെ രോഗലക്ഷണമുളളവരുടെ സാമ്പിളുകൾ നിലവിൽ ത്യശൂർ മെഡിക്കൽ കോളജിൽ അയച്ചാണ് പരിശോധന നടത്തിയിരുന്നത്. ഉപകരണം സ്ഥാപിച്ചതോടെ പരിശോധനാ ഫലത്തിനുവേണ്ടി ദിവസങ്ങളോളം കാത്തിരക്കേണ്ട ദുരവസ്ഥയ്ക്ക് പരിഹാരമാവുകയാണ്.
ട്രൂ നാറ്റിന്‍റെ സഹായത്തോടെ നിലവിൽ എട്ട് മണിക്കൂറിൽ 40 പേരുടെ സാമ്പിളുകൾ പരിശോധിക്കാനാകും. ഐ.സി.എം.ആറിന്‍റെ അനുമതി ലഭിച്ചതോടെ ജില്ലയിൽ ട്രൂ നാറ്റ് വഴിയുള്ള കൊവിഡ് പരിശോധന നാളെ മുതൽ ആരംഭിക്കും. കൊവിഡിന് പുറമെ ഈ ഉപകരണത്തിലൂടെ മറ്റു വൈറസ് രോഗങ്ങളുടെ പരിശോധനയും നടത്താനാകും. ഉപകരണങ്ങളുടെ പ്രവർത്തനം പാലക്കാട് എംപി വി.കെ ശ്രീകണ്ഠനും ഷാഫി പറമ്പിൽ എംഎൽഎയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.