പാലക്കാട് : പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞെങ്കിലും സർക്കാർ കരുതൽ തുടരുന്നു. കൊവിഡ്, പോസ്റ്റ് കൊവിഡ് ആരോഗ്യ പ്രശ്‌നങ്ങൾ തിരിച്ചറിയാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും ടെലി കൗൺസിലിങ് ജില്ലയിൽ മികച്ച രീതിയിൽ നടക്കുന്നു. ജില്ല ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനം.
2020 മുതൽ ജില്ലയിൽ കൊവിഡുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം കോളുകൾക്കാണ് മറുപടി നൽകിയത്. കൊവിഡ് പോസിറ്റീവ് കേസുകൾക്ക് മാത്രം നാല് ലക്ഷം ഫോൺ വിളികളാണെത്തിയത്. കൊവിഡ് ഭേദമായി വീടുകളിൽ കഴിയുന്ന വയോജനങ്ങളുടെ കാര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സ്‌കൂൾ കൗൺസിലർമാരേയും, ഐസിടിസി അഡോൾസന്‍റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തി മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നു. ഈ വിഭാഗങ്ങളിൽ നൂറോളം പേർ പ്രവർത്തിക്കുന്നു. സ്‌കൂൾ ഹെൽത്ത് കൗൺസിലർമാരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്.
ALSO READ: Kerala Covid Updates | സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികള്‍ 719 ; 915 പേര്‍ക്ക് രോഗമുക്തി
അതേസമയം ലോക്‌ഡൗൺ കാലത്തുൾപ്പടെ ആത്മഹത്യകൾ ഇല്ലാതാക്കാനും ഒറ്റപ്പെടലിന്‍റെ പിരിമുറുക്കം കുറയ്ക്കാനും ഹെൽപ്‌ലൈൻ വഴി സാധിച്ചുവെന്ന് നോഡൽ ഓഫിസർ ഡോ.വി അഭിജിത് പറഞ്ഞു. ജില്ല ജയിലിൽ കഴിയുന്നവർക്കും മാനസികാരോഗ്യ സേവനങ്ങൾ നൽകുന്നുണ്ട്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഹെൽപ്‌ലൈൻ നമ്പർ: 04912533323