പാലക്കാട് : മുടപ്പല്ലൂർ കരിപ്പാലിക്ക് സമീപം ടൂറിസ്റ്റ് ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ട്രാവലറില്‍ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.
വടക്കഞ്ചേരി–ഗോവിന്ദാപുരം സംസ്ഥാന പാതയിൽ ഞായറാഴ്‌ച പകൽ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ചേർത്തല ആർത്തുങ്കൽ സ്വദേശി പൈലി (77), ഭാര്യ റോസി (65) എന്നിവരാണ് മരിച്ചത്. ട്രാവലറിലെ മറ്റ് 12 പേർക്കും ടൂറിസ്റ്റ് ബസിലെ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ 4 പേരുടെ നില ഗുരുതരം: ട്രാവലറിൽ സഞ്ചരിച്ച ആർത്തുങ്കൽ സ്വദേശികളായ ബൈജു (50), പ്രിൻസ് (31), ജസിയ (16), വർഗീസ് (57), വർഗീസിന്‍റെ ഭാര്യ ജെസി (50), ഷോജി (36), മനു (12), പ്രസന്ന (43), കുഞ്ഞുമോൾ (34), വർഷ (24), മിന്നു (7), ട്രാവലറിന്‍റെ ഡ്രൈവർ അഖിൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വർഗീസ്, ജെസി, പ്രസന്ന, അഖിൽ എന്നിവരുടെ നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസ് യാത്രികരായ തിരുവല്ല രാമൻചിറ സ്വദേശികളായ ലൗലി (39), സജിനി (49), ശാന്ത (60), കുഞ്ഞുമോൾ (60), അഭിഷേക് (20) എന്നിവർക്കാണ് പരിക്കേറ്റത്.
കനത്ത മഴയില്‍ നിയന്ത്രണം നഷ്‌ടപ്പെട്ടു : പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിൽനിന്ന് പഴനിയിലേക്ക് പോയ ടൂറിസ്റ്റ് ബസും വേളാങ്കണ്ണിയിൽനിന്ന് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കനത്ത മഴയിൽ കരിപ്പാലി വളവിൽ ബ്രേക്കില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ട്രാവലറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായി തകർന്നു. സമീപത്തെ വീടിന്‍റെ മതിലും തകർത്തു. ട്രാവലറിൽ കുടുങ്ങിയ യാത്രക്കാരെ വടക്കഞ്ചേരി പൊലീസും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് വടക്കഞ്ചേരി–ഗോവിന്ദാപുരം പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. വടക്കഞ്ചേരി സിഐ ആദം ഖാൻ, എസ്ഐ കെ.വി സുധീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി.
Also read: കർണാടകയിൽ കാര്‍ മരത്തിലിടിച്ച് 9 മരണം; 11 പേർക്ക് ഗുരുതര പരിക്ക്