പാലക്കാട്: മലമ്പുഴ കൂർമ്പാച്ചിമലയ്‌ക്കു മുകളിലെ കൊടിതൊട്ട് വരാനാണ് കൂട്ടുകാരുമായി മലകയറിയതെന്ന് ബാബു. മൂന്ന് കൂട്ടുകാർ ഇടയ്‌ക്കുവച്ച് പിൻവാങ്ങി. എന്നാൽ ലക്ഷ്യത്തിലേക്ക് ബാബു യാത്ര തുടർന്നപ്പോഴാണ് കാലിടറിയത്. പാറയുടെ വശത്തുകൂടി താഴേക്ക് ഉരസി. ഒരു പൊത്തിൽ നിൽക്കാനായി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് എല്ലാവരെയും വിളിച്ചറിയിച്ചത്.
പാറയിടുക്കിൽ വീണപ്പോൾ ആരെങ്കിലും വന്ന് രക്ഷിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ആദ്യദിവസം ഉറങ്ങാൻ പേടിയായിരുന്നു. എങ്കിലും പാറയിടുക്കിൽ ചെരിഞ്ഞുറങ്ങി. സഹിക്കാനാകാത്ത ദാഹവും വിശപ്പും അനുഭവപ്പെട്ടു. പകൽസമയത്തെ ചുട്ടുപൊള്ളുന്ന വെയിൽ ദാഹം ഇരട്ടിയാക്കി.
മലയിടുക്കിൽനിന്ന് രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിനെ സന്ദർശിച്ച ബന്ധുക്കളോടാണ് ഈ വിവരം പങ്കുവച്ചത്. ആദ്യം വീണ കുഴിയിൽനിന്നല്ല അടുത്ത ദിവസം രക്ഷപ്പെടുത്തിയത്. ഇവിടേക്ക് എങ്ങനെയെത്തിയെന്ന് ബാബുവിന് ഓർമയില്ല. രക്ഷകനായി കയറിൽതൂങ്ങിയെത്തിയ സൈനികൻ ബാലകൃഷ്ണനോട് വെള്ളമായിരുന്നു ബാബു ആവശ്യപ്പെട്ടത്. ഉടൻ വെള്ളവും ഭക്ഷണവും നൽകി. ശേഷമാണ് മുകളിലേക്ക് കയറ്റിയത്.
READ MORE: ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു