പാലക്കാട്: അട്ടപ്പാടിയില്‍ അധികൃതരുടെ അനാസ്ഥ മൂലം ആദിവാസി കുടുംബത്തിന് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. ഷോളയൂർ തെക്കേ കടമ്പാറ ഊരിന് സമീപം താമസിക്കുന്ന മാരിയെന്ന വയോധികനും കുടുംബത്തിനുമാണ് ദുരവസ്ഥ. കുടിവെള്ള കണക്ഷനായി പഞ്ചായത്തില്‍ പണമടച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും കുടിവെള്ളത്തിനായുള്ള ഇവരുടെ കാത്തിരിപ്പ് നീളുകയാണ്.
ഷോളയൂർ പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടിവെള്ള കണക്ഷന് വേണ്ടി വാർഡ് മെമ്പർ നിര്‍ദേശിച്ചതനുസരിച്ച് മൂവായിരം രൂപ പഞ്ചായത്തംഗത്തിന്‍റെ കൈവശം നൽകിയിരുന്നു. നൽകിയ പണത്തിന് രസീത് ലഭിച്ചില്ലെന്ന് മാത്രമല്ല കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് തുടരുകയും ചെയ്‌തു.
കൂലിപ്പണിയെടുത്ത് സമ്പാദിച്ച പൈസയാണ് കുടിവെള്ളം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിൽ പഞ്ചായത്തംഗത്തിന് നൽകിയത്. വന്യമൃഗ ശല്യവും രൂക്ഷമായ ജലക്ഷാമവുമുള്ള പ്രദേശത്ത് കൃഷി ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. വീടിന് സമീപത്തുള്ള പഴയ കിണറിലെ മാലിന്യം നിറഞ്ഞ വെള്ളമാണ് പാചകത്തിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇതുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും വേറെ.
കുടിവെള്ളത്തിനായി പഞ്ചായത്ത് ഓഫിസില്‍ മാരി പലതവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പുതിയ ടാങ്ക് പണിത ശേഷം കണക്ഷൻ നൽകാം എന്നാണ് പഞ്ചായത്തിലെ പമ്പ് ഓപ്പറേറ്റർ പറയുന്നത്. അതുവരെ കുടിവെള്ളത്തിനായി എന്ത് ചെയ്യുമെന്ന ഇവരുടെ ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. മരിക്കുന്നതിന് മുമ്പെങ്കിലും തന്‍റെ വീട്ടുമുറ്റത്ത് വെള്ളം വരണമെന്ന ആഗ്രഹം മാത്രമാണ് മാരിക്കുള്ളത്.
Also read: പിഎച്ച്ഡി പഠനം, ഒഴിവ് സമയങ്ങളിൽ ചായക്കടയിൽ; അറിയണം ആര്‍ദ്ര എന്ന ഗവേഷകയെ