പാലക്കാട്: ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ കേസ് നടത്താൻ നടൻ മമ്മൂട്ടി സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് മധുവിന്‍റെ കുടുംബം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനാൽ മധുവിന്‍റെ കേസിന്‍റെ വിചാരണ മാറ്റിവച്ച വാർത്ത പുറത്തുവന്നതോടെയാണ് വക്കീലിനെ ഏർപ്പാടാക്കാൻ മമ്മുട്ടി സഹായം വാഗ്‌ദാനം ചെയ്‌തത്.
തുടർന്നുള്ള കേസ് നടത്തിപ്പിൽ നിയമസഹായം നൽകാൻ നടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് മമ്മുട്ടിയുടെ ഓഫിസ് അറിയിച്ചതായി മധുവിന്‍റെ മൂത്ത സഹോദരി സരസു പറഞ്ഞു. വ്യാഴാഴ്‌ചയാണ് സഹായ വാഗ്‌ദാനം അറിയിച്ചുകൊണ്ട് ഫോൺ സന്ദേശം എത്തിയത്.
ആദിവാസി സംഘടനകളുമായി ചേർന്ന് മധു കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം ആവശ്യപ്പെടാൻ ബന്ധുക്കൾ നീക്കം തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ നടന്നിട്ടുള്ള അന്വേഷണത്തിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസ് നീണ്ടുപോയേക്കാമെന്നും കുടുംബത്തിന് ആശങ്കയുണ്ട്.
Also read: പരീക്ഷ ഫീസടയ്ക്കാനായില്ല; പാലക്കാട് ബികോം വിദ്യാർഥി ജീവനൊടുക്കി