പാലക്കാട്: ആദിവാസി ശിശു മരിച്ച വിഷയത്തിൽ ത്രിതല പഞ്ചായത്തുകൾ ഇടപെടുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും അഗളി, പുതൂർ, ഷോളയൂർ തുടങ്ങിയ പഞ്ചായത്തുകളും ഒരുമിച്ച് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ആംബുലൻസ് വാങ്ങുന്നതിനുള്ള തീരുമാനത്തിലെത്തിയതായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് അറിയിച്ചു.
പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് കൃത്യ സമയത്ത് ലഭ്യമല്ലാത്തതിനാൽ ഫെബ്രുവരി നാലിനാണ് നവജാത ശിശു മരിക്കുന്നത്. ഉച്ചക്ക് 12 മണിയോടെ സിസേറിയൻ വഴി പുറത്തെടുത്ത കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ മഷി (കുഞ്ഞിന്‍റെ മലം) നിറഞ്ഞതാണ് കുഞ്ഞിന്‍റെ സാഹചര്യം ഗുരുതരമാക്കിയത്. ജില്ലയിൽ ആംബുലൻസ് സേവനം ലഭ്യമല്ലാത്തതിനാൽ മലപ്പുറം ജില്ലയിലെ സ്വകാര്യ ട്രസ്റ്റിന്‍റെ ആംബുലൻസാണ് വിളിച്ചിരുന്നത്.
ആ സമയം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇരട്ടക്കുട്ടികളുമായി മഞ്ചേരി മെഡിക്കൽ കോളജിലേക്കുള്ള യാത്രയിലായിരുന്നു വാഹനം. അത് കഴിഞ്ഞ് ആംബുലൻസ് എത്തിയപ്പോൾ നാലു മണിക്കൂർ താമസം സംഭവിച്ചിരുന്നു. കുട്ടിയെ പീഡിയാട്രിക് ആംബുലൻസിലേക്ക് കയറ്റിയതും സ്ഥിതി വഷളാവുകയായിരുന്നു. ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.