പാലക്കാട് : പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് പിന്നിൽ എസ്‌ഡിപിഐയും ആര്‍എസ്എസ്സുമെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം എസ്‌ഡിപിഐ - പോപ്പുലർഫ്രണ്ട്, ആർഎസ്എസ് - ബിജെപി അംഗങ്ങളാണെന്ന് കണ്ടെത്തി. സുബൈറിന്‍റെയും ശ്രീനിവാസന്‍റെയും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.
സുബൈറിനെ വെട്ടി കൊലപ്പെടുത്തിയത് മൂന്ന് പേരാണ്. ഇവരെ കൃത്യമായി പൊലീസ് മനസിലാക്കിയിട്ടുണ്ട്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറുപേരിൽ നാല് പേരെയും തിരിച്ചറിഞ്ഞു.
ബാക്കി രണ്ടുപേരെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്നും എഡിജിപി അറിയിച്ചു. പ്രതികളെല്ലാവരും ഒളിവിലാണ്. ഇവരെ കുറിച്ച് കൃത്യമായ വിവരങ്ങളുണ്ട്. അന്വേഷണ സംഘം പ്രതികൾക്ക് പിന്നാലെ തന്നെയുണ്ട്. വൈകാതെ എല്ലാവരും അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Also read: പാലക്കാട്ടെ കൊലപാതകങ്ങള്‍ : അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
ശ്രീനിവാസന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച സ്‌കൂട്ടറിന്‍റെ ഉടമയായ സ്ത്രീയെ വിശദമായി ചോദ്യം ചെയ്‌തു. അവർക്ക് കൊലപാതകവുമായി ബന്ധമില്ല, സ്‌കൂട്ടർ മറ്റുള്ളവർക്ക് നേരത്തെ കൈമാറിയതാണ്, പലതവണ കൈമാറിയ സ്‌കൂട്ടർ ഒടുവിൽ കൊലയാളികളുടെ കൈയ്യിൽ കിട്ടിയതാണെന്നും എഡിജിപി അറിയിച്ചു.
രണ്ട് കൊലപാതകങ്ങളിലും നിരവധി പേരെ ചോദ്യം ചെയ്‌തു, കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.