പാലക്കാട്: ഹയര്‍ സെക്കൻഡറി പരീക്ഷയിൽ എടപ്പലം പിടിഎംവൈ ഹയർസെക്കന്‍ഡറി സ്കൂൾ 90.06 ശതമാനം വിജയം നേടിയപ്പോൾ ഇതേ സ്കൂളിലെ വിദ്യാര്‍ഥിയായ ബംഗാൾ സ്വദേശി ബാപ്പിറായിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം. വർഷങ്ങളായി പട്ടാമ്പി തിരുവേഗപ്പുറയിൽ സ്ഥിരതാമസക്കാരനായ ബാപ്പിറായിക്ക് എസ്എസ്എൽസി പരീക്ഷയിലും മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. ബംഗാളിലെ നേദിയ സ്വദേശിയായ ശുക്രജൻറായി-കാഞ്ചലറായ് ദമ്പതികളുടെ മകനാണ് ബാപ്പിറായി.
എട്ടാംക്ലാസ് മുതൽ ബാപ്പിറായി എടപ്പലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. കെട്ടിട നിർമാണ തൊഴിലാളിയാണ് ബാപ്പിയുടെ അച്ഛൻ. 18 വർഷങ്ങൾക്ക് മുമ്പാണ് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറയിൽ ബാപ്പി റായിയുടെ അച്ഛന്‍ എത്തിപ്പെടുന്നത്. തിരുവേഗപ്പുറയിലാണ് കുടുംബസമേതം ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. പ്രാഥമിക തലം മുതൽ എല്ലാ ക്ലാസിലും ബാപ്പിറായിക്ക് നല്ല മാർക്ക് ലഭിച്ചിരുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളിലും ബാപ്പി മിടുക്കനാണ്. സയൻസിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ ബാപ്പിറായിയെ അധ്യാപകരും സ്കൂള്‍ മാനേജ്മെന്‍റും ചേര്‍ന്ന് അഭിനന്ദിച്ചു.