പാലക്കാട്: നികുതി വെട്ടിച്ച് ഊടുവഴിയിലൂടെ അമിതഭാരവുമായി എത്തിയ 11 ടോറസ് ലോറികൾ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് അമിതഭാരം കയറ്റി ചെക് പോസ്റ്റ് വെട്ടിച്ച് കരിങ്കല്ലുമായി വന്ന ലോറികളെയാണ് വെള്ളിയാഴ്‌ച കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി 33.3 ലക്ഷം രൂപ പിഴയിട്ടത്.
തമിഴ്‌നാട്ടിലെ കിണത്തുക്കടവ് ഭാഗത്തുനിന്ന് കരിങ്കല്ല് കയറ്റി വന്ന ലോറികൾ വേലന്താവളം ആർടിഒ ചെക് പോസ്റ്റിൽ എത്താതെ ഒഴലപ്പതി - മേനോൻപാറ പാതയിലൂടെ കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. കൊഴിഞ്ഞാമ്പാറ സിഐ എം ശശിധരൻ, എസ്ഐ വി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ വാഹനങ്ങൾ പിഴയിടാക്കിയ ശേഷം വിട്ടുനൽകി.
ഊടുവഴിയിലൂടെ കല്ല് കടത്തുന്നതിനാൽ പ്രതിദിനം സർക്കാരിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്‌ടമാകുന്നത്. പരമാവധി മൂന്നു മുതൽ അഞ്ച് വർഷം വരെയാണ് ഗ്രാമീണ മേഖലയിലെ പഞ്ചായത്തു റോഡുകളുടെ കാലാവധി. ചെറിയ വാഹനങ്ങളെ മാത്രം ഉദ്ദേശിച്ച് പണിത ഇത്തരം റോഡുകളെ തകർത്തു തരിപ്പണമാക്കിയാണ് തമിഴ്‌നാട്ടിൽ നിന്ന് അമിതഭാരം കയറ്റി ടോറസ് ലോറികൾ കടന്നുവരുന്നത്. റോഡുകൾ തകർന്നുള്ള അപകടവും പതിവായി.
ALSO READ: തെലങ്കാനയിൽ കാർ കുടിലിലേക്ക് ഇടിച്ചുകയറി; നാല് സ്‌ത്രീകൾക്ക് ദാരുണാന്ത്യം
പ്രതിദിനം ഇരുനൂറു മുതൽ അഞ്ഞൂറിലധികം ടോറസ് ലോറികളാണ് തമിഴ്‌നാട്ടിൽ നിന്ന് കരിങ്കല്ലു കയറ്റി അതിർത്തി കടന്നെത്തുന്നത്. വേലന്താവളം, ഒഴലപ്പതി, എല്ലപ്പെട്ടാൻകോവിൽ, നടുപ്പുണി, ഗോപാലപുരം തുടങ്ങി അതിർത്തിവഴിയാണ് ഈ ലോറികൾ കേരളത്തിലേക്ക് കടക്കുന്നതെങ്കിലും ആർടിഒ ചെക്പോസ്റ്റ് തൊടാതെ ഊടുവഴികളിലൂടെയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്.
35 ടൺ വരെ ഭാരം കയറ്റാനാണ് അനുമതിയെങ്കിലും 50 ടൺ വരെ ഭാരം കയറ്റിയാണ് ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് ടോറസുകൾ പിടിച്ചത്.
പരിശോധന കർശനമാക്കണം
ടോറസ് ലോറികൾ പിടിക്കപ്പെടാതിരിക്കാൻ പൈലറ്റു വാഹനങ്ങളുടെ അകമ്പടിയോടെയാണ് കരിങ്കല്ല് കൊണ്ടുപോകുന്നത്. ജനങ്ങളുടെ എതിർപ്പ് ഭയന്ന് രാത്രികാലങ്ങളിലാണ് പോകുന്നതെന്നും നാട്ടുകാർ പറയുന്നു. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേക്ക് കരിങ്കല്ല് പോകുന്നത് ഈ വഴികളിലൂടെയാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.