മലപ്പുറം : മലപ്പുറത്ത് ഉപയോഗിക്കാത്ത യുപിഐ ആപ്പിന്‍റെ അക്കൗണ്ടിലൂടെ യുവാവിന്‍റെ പണം നഷ്‌ടമായതായി പരാതി. വണ്ടൂർ വാണിയമ്പലം സ്വദേശി അനീസ് റഹ്മാനാണ് തട്ടിപ്പിനിരയായത്. വാണിയമ്പലം ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് ഇരുപതിനായിരം രൂപയാണ് നഷ്‌ടമായത്.
യുപിഐ ആപ്പായ പേടിഎം വഴിയാണ് പണം പിൻവലിച്ചിട്ടുള്ളത്. എന്നാല്‍ അനീസിന് പേടിഎമ്മില്‍ അക്കൗണ്ടില്ല. കഴിഞ്ഞ ശനിയാഴ്‌ചയാണ് 3 തവണകളായി അനീസിൻ്റെ അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരത്തോളം രൂപ നഷ്‌ടപ്പെട്ടത്.
ഞാറാഴ്‌ചയാണ് ഇക്കാര്യം അനീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വാണിയമ്പലത്തെ ഗ്രാമീണ്‍ ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോള്‍, പേടിഎം വഴിയാണ് പണം പിൻവലിച്ചതെന്ന് മനസിലായി. തുടര്‍ന്ന് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
Also read: നാപ്റ്റോൾ കമ്പനിയുടെ പേരിൽ അട്ടപ്പാടിയിൽ പുതിയ തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
പേടിഎം ഉപയോഗിക്കാത്തയാൾക്ക് പണം നഷ്‌ടപ്പെട്ട സംഭവം ആദ്യമാണെന്നാണ് ബാങ്ക് അധികൃതരുടെ പ്രതികരണം. പരാതികൾ ലഭിക്കുമ്പോള്‍ ഐടി വിങ് അന്വേഷിച്ച് നടപടിയെടുക്കുകയാണ് പതിവ്. സാങ്കേതിക തകരാറുകൾ മൂലമുള്ള പ്രശ്‌നങ്ങൾക്ക് അക്കൗണ്ടിൽ നിന്നും നഷ്‌ടപ്പെട്ട പണം ഒരാഴ്‌ചയ്ക്കകം തിരികെ ലഭിക്കാറുണ്ടെന്നും അധികൃതര്‍ പറയുന്നു.