മലപ്പുറം: പാഴ് തടികളില്‍ ഉൾപ്പെടെ കൊത്തുപണികളുടെ വിസ്മയം തീർത്ത് ഏഴാം ക്ലാസ് വിദ്യാർഥി. ചാലിയാര്‍ സ്വദേശി അഷ്മിലാണ് കൊത്തുപണികളിലൂടെ വിവിധതരം ഫർണിച്ചറുകൾ ഉണ്ടാക്കുന്നത്. ഈ പന്ത്രണ്ട് വയസുകാരന്‍റെ ആനപ്പാറയിലെ വീട്ടിലേക്ക് കടന്നു ചെല്ലുന്നവരെ കാത്തിരിക്കുന്നത് അത്ഭുതപ്പെടുന്ന കാഴ്ച്ചകളാണ്. തേക്കിന്‍റെ വേരിലും പാഴ് തടികളിലും കൊത്തുപണികള്‍, കുപ്പിക്കുള്ളിലെ കപ്പൽ, തടിയില്‍ കൊത്തിയ ബുദ്ധന്‍റെ ചിത്രം, തോണി, ക്ലോക്ക് തുടങ്ങി മുപ്പത്തിയഞ്ചോളം ഇനങ്ങളുണ്ട് ഇവിടെ.
ഇടിവണ്ണ സെന്‍റ് തോമസ് എ.യു.പി.സ്കൂള്‍ വിദ്യാര്‍ഥിയായ അഷ്മില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൊത്തുപണി ആരംഭിച്ചത്. ദിവസം 8 മണിക്കൂറോളം ഇതിനായി ചെലവിടുന്നുണ്ട്. പഠിച്ച് ജോലി നേടുന്നതിനൊപ്പം നല്ലൊരു ആശാരിയായും പേരെടുക്കണമെന്നാണ് അഷ്മിലിന്‍റെ ആഗ്രഹം.
ലോക്‌ഡൗണിനിടെ അഷ്മിലിന് ആവശ്യമായ പശ ഉള്‍പ്പെടെയുള്ളവ എരഞ്ഞിമങ്ങാട് ഗവ: ഹയർ സെക്കന്‍ററി സ്കൂള്‍ അധ്യാപകനായ പിതാവ് റഷീദാണ് എത്തിക്കുന്നത്. പാഴ്തടികളില്‍ അഷ്മില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ സഹോദരി ലംഹ വര്‍ണക്കടലാസുകളില്‍ കരകൗശല വസ്തുക്കള്‍ ഒരുക്കുന്ന തിരക്കിലാണ്.