മലപ്പുറം: കുറ്റിപ്പുറത്ത് യുവതിയേയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനേയും തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തവനൂർ അയങ്കലത്ത് സുഹൈല നസ്‌റിൻ (19), മകൾ ഫാത്തിമ ഷഹറ എന്നിവരെയാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകീട്ട് 5 നായിരുന്നു സംഭവം.
സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാർഹിക പീഡനമാണ് മരണകാരണമെന്ന പരാതിയിൽ ഭർതൃമാതാവിനെയും ഇവരുടെ ചെറുമകളേയും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു.
മകളുടെ വീട്ടിലായിരുന്ന യുവതിയുടെ ഭർതൃമാതാവും പേരമകളും തിങ്കളാഴ്‌ച ഉച്ചക്കാണ് അയങ്കലത്തെ വീട്ടിലെത്തിയത്. തുടർന്ന് ഇവര്‍ സുഹൈലയുമായി വഴക്കിടുകയും മുറി പൂട്ടിയ ശേഷം സുഹൈല തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അയൽവാസികളെത്തിയാണ് മുറി പൊളിച്ച് അകത്ത് കയറിയത്.
2020 ജൂലൈയിലാണ് ബാസ്‌ബസത്തും സുഹൈല നസ്റിനും വിവാഹിതരായത്. 20 പവനോളം സ്വര്‍ണമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ സ്വര്‍ണം കുറവാണെന്ന് പറഞ്ഞ് പലതവണ ഭർതൃമാതാവ് വഴക്കുണ്ടാക്കിയതായി സുഹൈല വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു.
ബാസ്ബസത്ത് ഗൾഫിലാണ്. കൂടല്ലൂർ സ്വദേശിയാണ് സുഹൈല നസ്റിൻ. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Also read: കഴക്കൂട്ടത്ത് ഗുണ്ട ആക്രമണം; വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി