മലപ്പുറം: ചെളിവെള്ളം നിറഞ്ഞ ഗ്രൗണ്ടില്‍ നിന്നുള്ള ഒരു മലയാളി പയ്യന്റെ സിസര്‍ കട്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ താഴെ കളം കുഞ്ഞമ്മയുടെ മകനും, എരുമമുണ്ട നിർമല ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജസിലാണ് ഒരൊറ്റ കിക്കു കൊണ്ട് ഒരു നാടിന്റെ താരമായി മാറിയത്. 59 ലക്ഷം പേരാണ് ഈ വിഡിയോ സോഷ്യൽ മീഡിയയിലൂടെ കണ്ടത്. അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളുള്ള 433 എന്ന ഇൻസ്റ്റഗ്രാം പേജിലും കേരള ബാസ്റ്റ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലും വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു.
ലയണല്‍ മെസിയെ ഏറെ ഇഷ്ടപ്പെടുന്ന ജസീല്‍ ഒന്നാം ക്ലാസ് മുതൽ ജേഷ്ഠനായ ജംഷീദിനൊപ്പം വീടിന് സമീപത്തെ പാടത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ പന്ത് തട്ടി തുടങ്ങി. ചാലിയാർ ഫുട്ബോൾ അക്കാഡമിയിൽ നിന്നും പരീശീലനം നേടിയ താരം സ്കൂൾ ടീമിലും അംഗമാണ്. ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന ജസീലും കൂട്ടുകാരും രണ്ടു മാസത്തേക്ക് 10,000 രൂപ നൽകി പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇപ്പോള്‍ കളിക്കുന്നത്. താരമായി മാറിയതോടെ വിവിധ ക്ലബുകളുടെ നേത്യത്വത്തിൽ ചാലിയാർ പഞ്ചായത്തിൽ ജസീലിനെ ആദരിക്കുന്ന ചടങ്ങുകളും തുടരുകയാണ്. നമ്പൂരിപ്പൊട്ടി സ്വദ്ദേശി ആമീനാണ് ജസീലിന്റെ സിസര്‍ കട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.