മലപ്പുറം: നട്ട് നനച്ച് പൊന്നുപോലെ പരിപാലിച്ച മുന്തിരി വള്ളിയിൽ നിറയെ മധുര മുന്തിരി വിളഞ്ഞ സന്തോഷത്തിലാണ് മലപ്പുറം വൈലത്തൂരിലെ പന്നിക്കണ്ടത്തിൽ അൻവറും കുടുംബവും. മൂന്ന് വർഷം മുമ്പ് കൗതുകത്തിനായി വീട്ടുമുറ്റത്ത് നട്ട ചെറിയൊരു മുന്തിരി വള്ളി ഇന്ന് മുറ്റം മുഴുവൻ പടർന്ന് പന്തലിച്ചിരിക്കുകയാണ്. മധുരമുള്ള റോസ് മുന്തിരിയാണ് ഇവിടെ മനോഹരമായി പൂത്ത് കായ്ച്ച് നിൽക്കുന്നത്.
വള്ളികൾ പടരാനായി നെറ്റ് കൊണ്ട് പന്തലിട്ടാണ് അൻവർ മുന്തിരി വള്ളി പരിപാലിക്കുന്നത്. കമ്പം തേനിയിൽ മുന്തിരി കുലകൾ കായ്ച്ചുനിൽക്കുന്ന മനോഹര കാഴ്ച കണ്ട് മുന്തിരികൃഷിയിൽ താല്‍പര്യം തോന്നിയ അൻവർ നാട്ടിലെ ഗാർഡൻ ഷോപ്പിൽ നിന്ന് മുന്തിരി വള്ളി വാങ്ങി നട്ട് നനച്ച് പരിപാലിക്കുകയായിരുന്നു.
അതീവ ശ്രദ്ധയോടെ പരിപാലിച്ച മുന്തിരിക്ക് ജൈവവളമാണ് നൽകിയിരുന്നത്. കഴിഞ്ഞ വേനലിലാണ് മുന്തിരിച്ചെടി ആദ്യമായി പൂത്തത്. അന്ന് മുന്തിരി കുറവായിരുന്നെങ്കിലും ഈ വർഷം ഒരുപാട് മുന്തിരി ലഭിച്ചുവെന്ന് അൻവർ പറയുന്നു. മുന്തിരി കൂടാതെ റമ്പൂട്ടാനും ബട്ടറുമുണ്ട് ഈ വീട്ടിൽ. ഈ മരങ്ങളില്‍ നിന്നും നിരവധി വിളകൾ ലഭിക്കാറുണ്ട്. അൻവറിന്‍റെ കൂടെ കൃഷി പരിപാലനത്തിനായി ഭാര്യ സുലൈഖയും മകൻ അർഷദുമുണ്ട്.