മലപ്പുറം: ആരോപണങ്ങളില്‍ പരിഭ്രാന്തരായ യുഡിഎഫിനെയാണ് ഇപ്പോള്‍ കാണുന്നതെന്നും, ലീഗ് അഴിമതിയും വര്‍ഗീയതയും വളര്‍ത്താനാണ് അധികാരം ഉപയോഗിക്കുന്നതെന്നും എല്‍ഡിഎഫ് കൺവീനർ എ.വിജയരാഘവൻ. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാര്‍കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച എ.വിജയരാഘവന്‍ തെളിവുകള്‍ കിട്ടുന്നത് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ശിഷ്വത്വം സ്വീകരിച്ച് മത മൗലിക വാദത്തിലേക്ക് അടുക്കുകയാണ്. മുസ്‌ലിം ലീഗിന്‍റെ രണ്ട് എംഎല്‍എമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞു.
അഴിമതിയെ ന്യായീകരിക്കാനാണ് ലീഗിന്‍റെ ശ്രമം. യു.ഡി.എഫും ബിജെപിയും കേന്ദ്ര ഏജന്‍സികളും ചേര്‍ന്നുള്ള സഖ്യത്തെ തുറന്നു കാണിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. തെറ്റ് ചെയ്യാത്തതിനാല്‍ ഭയപ്പെടേണ്ടതില്ല. ആ നിര്‍ഭയത്വമുള്ള നേതാവാണ് പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് സത്യം കണ്ടെത്താനാണെന്നും എ. വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.