മലപ്പുറം: നാനൂറ് വർഷത്തിലേറെ പഴക്കമുള്ള വാഴക്കാട് വലിയ ജുമാ അത്ത് പള്ളിയില്‍ നോമ്പ് തുറക്കാനായി ഇന്നും കതിന പൊട്ടിക്കൽ പതിവാണ്. സമയമറിയാൻ മാർഗമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് ഈ സമ്പ്രദായം. ആധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും ഈ വെടി ശബ്ദത്തെയാണ് ഇന്നും പലരും ആശ്രയിക്കുന്നത്.
സാങ്കേതിക പ്രശ്നങ്ങളാലോ മറ്റോ ബാങ്ക് കേൾക്കാതിരുന്നാലും വാഴക്കാട്ടുകാര്‍ക്കും സമീപ വാസികൾക്കും ആശങ്കയില്ല. നോമ്പ് തുറക്കാനുള്ള സമയമറിയിച്ച് കതിന വെടി പൊട്ടും. വാഴക്കാട്ടെയും പരിസര പ്രദേശത്തെയും എട്ട് കിലോമീറ്റർ ചുറ്റളവിൽ ഇതിന്‍റെ ശബ്ദം കേൾക്കാം. വാഴക്കാട് സ്വദേശി അബ്ദുള്ളയാണ് 35 വർഷമായി കതിന വെടിപൊട്ടിക്കുന്നത്.
നിരവധി ബാങ്കുകൾ പല പള്ളികളിൽ നിന്നായി ഉയരാറുണ്ട്. എന്നാൽ കനത്ത മഴ പെയ്യുമ്പോൾ ചില സമയങ്ങളില്‍ ബാങ്ക് കേള്‍ക്കാനാകില്ല. ഇത്തരം സന്ദര്‍ഭങ്ങളിലും വാഴക്കാട് വലിയ ജുമാ അത്ത് പള്ളിയിലെ കതിന വെടി കേൾക്കുന്നത് വിശ്വാസികൾക്ക് ആശ്വാസമാണ്.