മലപ്പുറം: അകമ്പാടം വന്യമൃഗ വേട്ട കേസില്‍ വനപാലകന് സ്ഥലംമാറ്റം. കേസിലെ കുറ്റാരോപിതനായ അളക്കൽ സ്വദേശിയില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ വീണ്ടും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുമെന്നും എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംപ്രോസ് ഏലിയാസ് നവാസ് പറഞ്ഞു. ഫോൺ കോടതിയിൽ ഹാജരാക്കിയില്ലെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയനായ പെരുവമ്പാടം ഒ.പിയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ വാണിയംപുഴ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഇയാൾ പ്രതികളുമായി നടത്തിയ സംഭാഷണം പിടിച്ചെടുത്ത ഫോണിലുണ്ട്. എന്നാല്‍ ഫോൺ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ആരോപണം. ഇതോടെയാണ് ഫോണ്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ തയ്യാറാകുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മുഖ്യ പ്രതികൾ ഉൾപ്പടെ ആറോളം പേരെ ഇനിയും പിടികൂടാനുണ്ട്. അന്വേഷണം രാഷ്ട്രീയക്കാരിലേക്ക് നീങ്ങുമെന്ന് കണ്ടതൊടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ശ്രമം നടക്കുന്നതായും അരോപണമുണ്ട്. ഇതിനിടെ വനം വകുപ്പിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് ചാലിയാറിൽ സർവകക്ഷി യോഗവും ചേർന്നു. എടവണ്ണ റെയ്ഞ്ച് ഓഫീസർ സ്ഥലം മാറ്റത്തിന് വിധേയനായ എസ്.എഫ്.ഒ യിൽ നിന്നും മൊഴിയെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. അതിനിടെ പ്രതികളില്‍ ചിലർ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.