മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് നേതാവ് എകെ ആന്‍റണിക്കായി മുസ്ലീംലീഗ് ഒഴിഞ്ഞുകൊടുത്ത മണ്ഡലമാണ് തിരൂരങ്ങാടി. മുസ്ലീംലീഗ് സ്ഥാനാർഥികളല്ലാത്ത ഒരാൾ മാത്രമാണ് തിരൂരങ്ങാടിയില്‍ നിന്ന് ജയിച്ച് എംഎല്‍എയായത്. അത് എകെ ആന്‍റണിയാണ്. 1957 മുതല്‍ 2016ലെ തെരഞ്ഞെടുപ്പ് വരെ മുസ്ലിംലീഗിന്‍റെ തേരോട്ടം. 1995ലെ ഉപതെരഞ്ഞെടുപ്പിലാണ് എ.കെ ആന്‍റണിക്കായി മുസ്ലീ ലീഗ് സുരക്ഷിത മണ്ഡലം വിട്ടുനല്‍കിയത്. ചില തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം കുത്തനെ കുറയാറുണ്ടെങ്കിലും തിരൂരങ്ങാടി യുഡിഎഫ് ക്യാമ്പിന് എന്നും ആശ്വാസമണ്ഡലമാണ്. യുഡിഎഫ് കോട്ട തകര്‍ക്കാന്‍ ഇത്തവണ സിപിഐ സ്ഥാനാർഥിയായി അജിത് കോളോടിയെയാണ് എല്‍ഡിഎഫ് നിയോഗിക്കുന്നത്. 1983 മുതല്‍ 1987 വരെ കേരളത്തിന്‍റെ ഉപമുഖ്യമന്ത്രിയായിരുന്ന മുസ്ലീലീഗ് നേതാവ് കെ അവുക്കാദർ കുട്ടി നഹ ദീർഘകാലം പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് തിരൂരങ്ങാടി. അവുക്കാദർ കുട്ടി നഹയുടെ മകൻ പികെ അബ്‌ദുറബാണ് 2011 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മണ്ഡല ചരിത്രം
1957- 1960 തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗിന്‍റെ കെ അവുഖാദര്‍കുട്ടി നഹ നിയമസഭയിലെത്തി. 1967ല്‍ എ.കെ.എന്‍ ലാജിയിലൂടെ സീറ്റ് ലീഗ് നിലനിര്‍ത്തി. 1970 മുതല്‍ 1982 വരെ നാല് തെരഞ്ഞെടുപ്പുകളില്‍ കെ അവുഖാദര്‍കുട്ടി നഹ വീണ്ടും ജയം ആവര്‍ത്തിച്ചു. 1970ല്‍ സ്വതന്ത്രനായ കുഞ്ഞാലിക്കുട്ടി ഏലിയാസിനെതിരെ വെറും 715 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു മുസ്ലിംലീഗിന്‍റെ ജയം. 1977ല്‍ സ്വതന്ത്രനായ ടി.പി കുഞ്ഞലന്‍ കുട്ടിക്കെതിരെ 19,061 വോട്ടിന്‍റെ ഭൂരിപക്ഷം നേടി അവുഖാദര്‍ കുട്ടി നഹ വിജയം ആവര്‍ത്തിച്ചു. 1980, 1982 തെരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ക്കെതിരെ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം നിയമസഭയിലെത്തി.
1987ല്‍ സി.പി കുഞ്ഞാലിക്കുട്ടി കെയിയും 1991ല്‍ യു.എ ബീരാന്‍ സാഹിബും ലീഗ് കോട്ട കാത്തു. ഐഎസ്ആര്‍ഒ കേസില്‍പെട്ട് കെ കരുണാകരന്‍ രാജിവെച്ച അവസരത്തില്‍ മുഖ്യമന്ത്രിയാകാന്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആകണമെന്ന നിബന്ധന നിലനില്‍ക്കെ ആന്‍റണിയെ ലീഗ് തങ്ങളുടെ സുരക്ഷിത മണ്ഡലത്തിലേക്ക് ക്ഷണിച്ചു. സാംസ്കാരിക പ്രവര്‍ത്തകനായ ഡോ. എന്‍ എ കരീമിനെതിരെ 22,161 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ആന്‍റണി ജയിച്ചത്. ആന്‍റണിയാണ് തിരൂരങ്ങാടിയില്‍ നിന്ന് ജയിച്ച ഏക ലീഗ് ഇതര സ്ഥാനാര്‍ഥി. തുടര്‍ന്ന് 1996 മുതല്‍ 2006ലെ തെരഞ്ഞെടുപ്പ് വരെ കുട്ടി അഹമ്മദ് കുട്ടിയിലൂടെ ലീഗ് സീറ്റ് നിലനിര്‍ത്തി. മൂന്ന് തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായ എ.വി അബ്ദുഹാജിയായിരുന്നു എതിരാളി.
തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ-ക്ലാരി പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. 2008ലെ പുനര്‍നിര്‍ണയത്തിന് മുമ്പ് എ.ആര്‍ നഗര്‍, തേഞ്ഞിപ്പാലം, മൂന്നിയൂര്‍, വള്ളിക്കുന്ന്, പെരുവള്ളൂര്‍ പഞ്ചായത്തുകള്‍ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. ആകെ 1,90,019 വോട്ടര്‍മാരില്‍ 96,687 പുരുഷന്മാരും 93,331 സ്ത്രീകളുമാണ്.
നിയമസഭ തെരഞ്ഞെടുപ്പ് 2011
2011 ല്‍ മണ്ഡലത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ പി.കെ അബ്ദുറബ്ബ് 30,208 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തി. സിപിഐ സ്ഥാനാര്‍ഥി കെ.കെ അബ്ദു സമദിനെ 58.48% വോട്ട് നേടിയാണ് ലീഗ് സീറ്റ് നിലനിര്‍ത്തിയത്. ബിജെപി സ്ഥാനാര്‍ഥി ശശിധരന്‍ പുന്നാശ്ശേരി 5.46% വോട്ട് മാത്രമാണ് നേടിയത്.
നിയമസഭ തെരഞ്ഞെടുപ്പ് 2016
രണ്ടാമങ്കത്തിനിറങ്ങിയ പികെ അബ്ദുറബ്ബ് നേരിട്ടത് കടുത്ത മത്സരം. ഇടത് സ്വതന്ത്രനായ നിയാസ് പുളിക്കലത്തിനെതിരെ വെറും 6,043 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് ലീഗ് നേതാവിന് നേടാനായത്. ഇത്തവണ 11.95% വോട്ടുകളാണ് അബ്ദുറബ്ബിന് കുറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വലിയ മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രകടനം മെച്ചപ്പെടുത്താനായില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളും എടരിക്കോട്, നന്നമ്പ്ര, തെന്നല, പെരുമണ്ണ-ക്ലാരി പഞ്ചായത്തുകളും നേടിയ യുഡിഎഫ് സമ്പൂര്‍ണ ജയം സ്വന്തമാക്കി.