മലപ്പുറം: വടക്കൻ കേരളത്തില്‍ യുഡിഎഫിന്‍റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് മുന്നണിക്ക് ആശങ്കയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരൂര്‍. 1957 മുതല്‍ 2016 വരെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ 13 തവണയും ജയിച്ചത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയാണെങ്കിലും 2006ല്‍ സിപിഎമ്മിനോട് നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ ഭീതിയുള്ളതിനാല്‍ ഏറെ കരുതലോടെയാണ് യുഡിഎഫ് തിരൂരില്‍ സ്ഥാനാര്‍ഥിയെ ഇറക്കാനൊരുങ്ങുന്നത്. 2006ലെ തോല്‍വിക്ക് 2011ല്‍ മുസ്‌ലിം ലീഗ് മികച്ച വിജയത്തോടെ മറുപടി പറഞ്ഞെങ്കിലും 2016ല്‍ ഭൂരിപക്ഷത്തിലുണ്ടായ വലിയ കുറവ് ഇത്തവണ 2006 ആവര്‍ത്തിക്കാൻ കാരണമാകുമോയെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആശങ്ക. മറുവശത്ത് മികച്ച സ്ഥാനാര്‍ഥിയെ ഇറക്കി മണ്ഡലത്തിലെ അനുകൂല സാഹചര്യം വോട്ടാക്കി ജയിക്കാനാണ് എല്‍ഡിഎഫിന്‍റെ ശ്രമം.

മണ്ഡല ചരിത്രം
1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കെ. മൊയ്‌തീൻ കുട്ടിയായിരുന്നു മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി. മികച്ച വിജയം നേടിയ മൊയ്‌തീൻ കുട്ടിക്ക് 1960ലും 67ലും പാര്‍ട്ടി സീറ്റ് നല്‍കി. മൂന്ന് തവണയും ജയം ഒപ്പം നിന്നു. 1970 ല്‍ സീറ്റ് കെ.എം കുട്ടിക്ക് നല്‍കിയപ്പോഴും വോട്ടര്‍മാര്‍ പാര്‍ട്ടിക്കൊപ്പം നിന്നു. പിന്നാലെ 1977 മുതല്‍ 1982 വരെ പി.ടി കുഞ്ഞ് മുഹമ്മദ് ഏലിയാസ് കുഞ്ഞൂട്ടി ഹാജി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ല്‍ സീറ്റ് വീണ്ടും കെ. മൊയ്തീൻ കുട്ടി ഹാജിക്ക് നല്‍കി വിജയിച്ചു. തുടര്‍ന്ന് 1991നും 2001നും ഇടയില്‍ നടന്ന മൂന്ന് തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. കെ. കരുണാകരൻ, എ.കെ ആന്‍റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളില്‍ വിദ്യാഭ്യാസ മന്ത്രിയായും ഇ.ടി പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി നാലാം അംഗത്തിനിറങ്ങിയപ്പോഴാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി അബ്‌ദുള്ളക്കുട്ടിയോട് 2006 ല്‍ ഇ.ടി പരാജയപ്പെട്ടത്. ഐഎന്‍എല്ലില്‍ നിന്ന് സീറ്റ് ഏറ്റെടുത്താണ് സിപിഎം പി.പി അബ്ദുള്ളക്കുട്ടിയെ രംഗത്തിറക്കിയത്. 8,630 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടതുസ്ഥാനാര്‍ഥി വിജയിച്ചപ്പോള്‍ മുസ്‌ലിം ലീഗിന് അത് കനത്ത നാണക്കേടായി. കൈവിട്ടുപോയ സീറ്റ് 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി. മമ്മൂട്ടിയിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. 2016 രണ്ടാമതും ജയിച്ച സി. മമ്മൂട്ടിയാണ് മണ്ഡലത്തിലെ നിലവിലെ എംഎല്‍എ.
2011 തെരഞ്ഞെടുപ്പ്
നഷ്‌ടപ്പെട്ട സീറ്റ് എന്ത് വില കൊടുത്തും നേടുകയെന്നതായിരുന്നു മുസ്‌ലിം ലീഗിന് മുന്നിലുള്ള വെല്ലുവിളി. പാര്‍ട്ടി ഉത്തരവാദിത്തം ഏല്‍പ്പിച്ചത് സി. മമ്മൂട്ടിയെ. മറുവശത്ത് 2006ല്‍ പാര്‍ട്ടിക്ക് അട്ടിമറി വിജയം നേടിക്കൊടുത്ത പി.പി അബ്‌ദുള്ളക്കുട്ടിക്ക് സിപിഎം വീണ്ടും അവസരം നല്‍കി. എന്നാല്‍ ഇത്തവണ ചരിത്രം ആവര്‍ത്തിച്ചില്ല. ആകെ പോള്‍ ചെയ്‌ത വോട്ടില്‍ 54.85 വോട്ടും സ്വന്തമാക്കിയ സി. മമ്മൂട്ടിക്ക് രണ്ടാമതെത്തിയ അബ്‌ദുള്ളക്കുട്ടിയേക്കാളും 23,566 വോട്ടിന്‍റെ ലീഡുണ്ടായിരുന്നു, യുഡിഎഫിന് 69,305 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 45,739 വോട്ടുകള്‍ മാത്രം. 4.39 ശതമാനം വോട്ട് നേടി ബിജെപി മൂന്നാമതെത്തി.
2016 തെരഞ്ഞെടുപ്പ്
ഒരിക്കല്‍ പിടിച്ചെടുത്ത സീറ്റ് ശ്രമിച്ചാല്‍ വീണ്ടും ഒപ്പം നിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ഗഫൂര്‍ പി. ലില്ലിസിന് അവസരം നല്‍കിയത്. മറുവശത്ത് പാര്‍ട്ടിക്ക് മിന്നുന്ന വിജയം നേടിക്കൊടുന്ന മമ്മൂട്ടിക്ക് മുസ്‌ലിം ലീഗ് വീണ്ടും സീറ്റ് നല്‍കി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സി. മമ്മൂട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഭൂരിപക്ഷത്തില്‍ വലിയ ഇടിവുണ്ടായി. 2011നെ അപേക്ഷിച്ച് 8% വോട്ട് കുറഞ്ഞു. ഭൂരിപക്ഷത്തില്‍ 14.14 ശതമാനത്തിന്‍റെ കുറവുണ്ടായി. 46.85 ശതമാനം വോട്ട് യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ 42.34 ശതമാനം വോട്ടര്‍മാര്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. 2011നെ അപേക്ഷിച്ച് 6.14 ശതമാനം അധികം വോട്ടുകള്‍ പിടിച്ചെടുക്കാൻ എല്‍ഡിഎഫിനായി.

2020 തദ്ദേശ തെരഞ്ഞെടുപ്പ്
തിരൂര്‍ മുനിസിപ്പാലിറ്റിയും വളവന്നൂര്‍, കല്‍പകഞ്ചേരി, വെട്ടം, തിരുനാവായ, അതവനാട്, തലക്കാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് തിരൂര്‍ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ഫലമാണ് പുറത്തുവന്നത് അഞ്ചിടത്ത് യുഡിഎഫ് ഭരണം പിടിച്ചപ്പോള്‍ എല്‍ഡിഎഫ് മുന്നിലെത്തിയത് രണ്ടിടത്ത് മാത്രമാണ്. തിരൂര്‍ മുനിസിപ്പാലിറ്റിയും, വളവന്നൂര്‍, കല്‍പകഞ്ചേരി, തിരുനാവായ, അതവനാട് പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കുമ്പോള്‍ തലക്കാട്, വെട്ടം പഞ്ചായത്തുകളിലെ ഭരണം എല്‍ഡിഎഫിന്‍റെ കൈയിലാണ്.
