മലപ്പുറം: കൊവിഡിനെ തുരത്തിയവർ സംസ്ഥാനത്ത് ആദ്യമായി ഒന്നിച്ചു ചേർന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൊവിഡ് ബാധിച്ച് ചികിത്സ തേടിയ അമ്പതോളം പേരാണ് വീണ്ടും ഒരുമിച്ച് കൂടിയത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ കുറ്റിപ്പുറം തൃക്കണാപുരം എം.ഇ.എസ് ബോയ്‌സ് ഹോസ്റ്റലിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലെ ചികിത്സയ്‌ക്ക് ശേഷം രോഗമുക്തരായവരുടെ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നടത്തിയ കൂട്ടായ്മ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.പി.മോഹൻദാസിന്‍റെ അധ്യക്ഷതയിൽ പ്രസിഡന്‍റ് കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ മികച്ച പ്രവർത്തനം നടത്തിയ മെഡിക്കൽ ഓഫിസർ അഫ്സൽ അലി, മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ഒ.കെ.അമീന, വളണ്ടിയർ ക്യാപ്‌റ്റൻ ഷിനോയ് ജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓൺലൈനിലൂടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീനയും കൊവിഡ് ജില്ലാ നോഡൽ ഓഫിസർ ഷിനാസ് ബാബു തുടങ്ങിയവരും കൂട്ടായ്മയിൽ പങ്കെടുത്തു. സി.എഫ് എൽ.ടി.സി അലുമിനി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ കേന്ദ്രത്തിന് നൽകുന്ന അമ്പതിനായിരം രൂപയുടെ മാസ്ക് ചടങ്ങിൽ കൈമാറി.