മലപ്പുറം: ഡ്രൈവിങ് സ്കൂള്‍ ഏജന്‍റുമാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയത് വിവാദത്തില്‍. മദ്യസൽക്കാരത്തിന്‍റെ ദ്യശ്യങ്ങളും വാട്ട്സ് ആപ്പ് ശബ്ദ സന്ദേശവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
തിരൂരങ്ങാടി ജോയിന്‍റ് ആർടിഒ ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സമരവുമായി രംഗത്തെത്തിയത്. വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഏജന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും അവിഹിത ബന്ധം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം.
മുഖ്യമന്ത്രി, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ , തൃശൂർ റീജണല്‍ ട്രാൻസ്പോർട് കമ്മിഷണർ എന്നിവർക്ക് പരാതി നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി പി.വി അബ്ദുല്‍ വാഹിദ് സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് എ. വിശാഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം ബൈജു, കെ.പി ഭവിഷ്, കെ അഖിൽ, അബ്ദുല്‍ ഹമീദ് തുടങ്ങിയവർ നേതൃത്വം തൽകി. തലപ്പാറയിലെ സ്വകാര്യ കൺവെൻഷൻ സെന്ററിലാണ് ഏജന്റുമാർക്കും ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കുമായി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മദ്യസൽക്കാരം നടത്തിയത്. എന്നാൽ സൽക്കാരത്തിൽ പങ്കെടുത്തവർ തന്നെ രഹസ്യമായി ദ്യശ്യങ്ങൾ പകർത്തുകയും വാട്സ് ആപ്പ് സന്ദേശം പുറത്തുവിടുകയുമായിരുന്നു.