മലപ്പുറം: പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണമുള്ളതിന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ചത്. മറ്റ് അതിഥികളെല്ലാവരും ഓണ്‍ലൈനായാണ് പരിപാടിയില്‍ പങ്കെടുത്തത്.
പി.വി അന്‍വര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്‌റ ഐപിഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പിമാരായ രാഹുല്‍ഗാന്ധി, പി.വി അബ്ദുള്‍ വഹാബ് എന്നിവര്‍ മുഖ്യാതിഥികളായി. തൃശൂര്‍ റേഞ്ച് ഡിഐജി. എസ്.സുരേന്ദ്രന്‍ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. പെരിന്തല്‍മണ്ണ എഎസ്പി ഹേമലത ഐപിഎസ്, പൂക്കോട്ടുംപാടം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2013 ലാണ് പൂക്കോട്ടുംപാടത്ത് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. താല്‍കാലിക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം.
വീട്ടിക്കുന്നില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള 23 സെന്‍റ് സ്ഥലത്താണ് ഇപ്പോള്‍ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2017 ഡിസംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. 2014-15 വര്‍ഷത്തിലെ എംഒപിഎഫ് ഫണ്ടായ 73.5 ലക്ഷം രൂപയാണ് കെട്ടിട നിര്‍മാണത്തിന് ചെലവഴിച്ചത്. കേരള പൊലീസ് ഹൗസിംഗ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനായിരുന്നു കെട്ടിട നിര്‍മാണ ചുമതല. കരുളായി, അമരമ്പലം പഞ്ചായത്തുകളും മൂത്തേടം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് സ്റ്റേഷന്‍ പരിധി. ഒരു സ്റ്റേഷന്‍ ഓഫീസറും നാല് എസ്ഐമാരും, 48 സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് സ്റ്റേഷനിലുള്ളത്.