മലപ്പുറം : വനിത-ശിശു വികസന വകുപ്പിന് കീഴില്‍ തവനൂര്‍ റസ്‌ക്യൂ ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. കൊവിഡ് പശ്ചാത്തലമായതിനാല്‍ വീഡിയോ കോളിലൂടെ ബന്ധുക്കളെ കാണുകയും തിരിച്ചറിയുകയും ചെയ്‌തതോടെയാണ് യുവതിക്ക് നഷ്‌ടപ്പെട്ട കുടുംബത്തെ തിരികെ ലഭിക്കുന്നത്.
16 വർഷത്തിന് ശേഷം മകളെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ അച്ഛൻ
2005ല്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് അച്ഛൻ ദീപ് രാജ് ഗുപ്‌തയ്ക്ക് മകളെ നഷ്‌ടമാകുന്നത്. അപ്പോൾ പുഷ്‌പക്ക് പ്രായം പതിനേഴ്വയസ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു 76കാരനായ അച്ഛന്‍റെ മുഖത്ത്. വനിത-ശിശു വികസന വകുപ്പിന്‍റെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായാണ് പുഷ്‌പയുടെ രക്ഷിതാക്കളെ കണ്ടെത്താനായത്. തനിക്ക് എന്നന്നേക്കുമായി നഷ്ടമായെന്ന് കരുതിയ ജീവിതത്തിലേക്ക് പുതുവര്‍ഷത്തലേന്ന് പുഷ്പ അച്ഛനോടൊപ്പം കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചു.
പുഷ്പ റെസ്‌ക്യൂ ഹോമിലെത്തിയത് 2012ൽ
ഉത്തര്‍പ്രദേശിലെ ഡയറിയ ജില്ലയിലെ ഗര്‍മീര്‍ സ്വദേശിനിയായ പുഷ്പയെ 2012ല്‍ തിരൂര്‍ പൊലീസാണ് തവനൂര്‍ റെസ്‌ക്യൂ ഹോമിലെത്തിക്കുന്നത്. മാനസിക വെല്ലുവിളിയുള്ളതിനാല്‍ പുഷ്‌പ പലപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ബന്ധുക്കളെ കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു. ഇടയ്ക്കുള്ള സംസാരങ്ങളില്‍ നിന്നാണ് അധികൃതർക്ക്, ഉത്തര്‍പ്രദേശിലെവിടെയോ ആണ് വീടെന്ന സൂചന ലഭിക്കുന്നത്. തുടര്‍ന്ന് ഗൊരഖ്‌പൂർ പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രക്ഷിതാക്കളെ കണ്ടെത്താനായത്.
തുണിക്കച്ചവടക്കാരനായിരുന്ന ദീപ് രാജ് ഗുപ്‌ത മകളെ കാണാതായി ആറ് മാസക്കാലം കിടപ്പിലായിരുന്നു. ഇപ്പോള്‍ കൃഷി നടത്തിയാണ് കഴിയുന്നത്. പുഷ്പയെ കൂടാതെ മൂന്ന് പെണ്‍ മക്കളും രണ്ട് ആണ്‍ മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. ഇപ്പോള്‍ 33 വയസുള്ള പുഷ്പയുടെ മാനസിക നില ഏറെ മെച്ചപ്പെട്ടതായി അച്ഛന്‍ പറയുന്നു. മുംബൈയിലുള്ള മകന്‍റെ വീട്ടിലേക്ക് പോയ ശേഷമാകും ഇവര്‍ സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്ക് പോകുക.
ALSO READ: ചോദ്യങ്ങള്‍ക്ക് മറുപടി വേണം; കെ-റെയിലിൽ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്