മലപ്പുറം: ഹെഡ് ലൈറ്റ് മിന്നിത്തെളിയിച്ച് പൊലീസ് പരിശോധനയുണ്ടെന്ന് സിഗ്നല്‍ നല്‍കുന്നവർ ഈ കണക്ക് കാണണം. മലപ്പുറം ജില്ലയിൽ ഈവർഷം അപകടത്തിൽ പൊലിഞ്ഞത് 288 ജീവനുകളാണ്. അതില്‍ 131 പേരും മരിച്ചത് ബൈക്ക് അപകടത്തിലാണ്. ഹെൽമെറ്റില്ലാതെയും അമിത വേഗതയിലും ബൈക്കോടിച്ചവരാണ് മരിച്ചവരില്‍ ബഹുഭൂരിപക്ഷവും. ഈ വർഷം 1,940 അപകടങ്ങളിലായി 2,444 പേർക്ക് പരിക്കേറ്റു. 271 പേർ അപകടം തരണം ചെയ്യാനാവാത്ത വിധം കിടപ്പിലായി. 1,385 പേർക്ക് ഗുരുതര പരിക്കുകളേറ്റു. അപകടത്തിൽപ്പെട്ടവരിൽ 586 പേർ കൗമാരക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജില്ലയിൽ 2,423 അപകടങ്ങളിലായി 2,968 പേർക്കാണ് പരിക്കേറ്റത്. 367 പേർ മരണപ്പെട്ടു. കൗമാരക്കാർ ഉൾപ്പെട്ട 690 അപകടങ്ങളാണുണ്ടായത്.
ജില്ലയിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചതോടെ തിങ്കളാഴ്ച്ച മുതൽ പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ കർശന പരിശോധനയ്ക്ക് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും രാവിലെ മുതൽ വൈകിട്ട് ആറ് വരെ വാഹന പരിശോധന ശക്തമാക്കി. തുടക്കത്തിൽ പൊലീസ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിയെങ്കിലും വാഹനാപകട മുക്ത മേഖലയാക്കുകയാണ് ലക്ഷ്യം. ഹെൽമെറ്റ് പരിശോധന ശക്തമാക്കും. നിയമലംഘകർക്കെതിരെ കേസെടുക്കാനും നിർദ്ദേശമുണ്ട്.