മലപ്പുറം: കല്ലട ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരന്‍ ജോൺസന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മലപ്പുറം പരപ്പനങ്ങാടി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നെങ്കിലും പൊലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സമയം ചോദിച്ചതിനാല്‍ ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് തമിഴ്നാട് സ്വദേശിയായ യുവതി കല്ലട ബസില്‍ പീഡനശ്രമത്തിന് ഇരയായത്. തുടർന്ന് തേഞ്ഞിപ്പലം പൊലീസ് ബസ് കസ്റ്റഡിയില്‍ എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സഹഡ്രൈവർ ജോൺസനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതി പ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഐപിസി 354 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വൈദ്യ പരിശോധനക്ക് ശേഷം പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.