മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനിടെ രോഗ വ്യാപനത്തിന്‍റെ വ്യാപ്‌തി മനസ്സിലാക്കാതെ ചില വിരുതന്മാര്‍ പൊലീസിന്‍റെ കണ്ണും വെട്ടിച്ച് പുറത്തിറങ്ങുന്ന കാഴ്‌ച ഇപ്പോൾ മലപ്പുറത്തെ ഗ്രാമങ്ങളിൽ പതിവാണ്. അങ്ങനെ പുറത്തിറങ്ങിയ ഒരു കൂട്ടം യുവാക്കളെയാണ് മലപ്പുറം കോട്ടക്കൽ പോലീസ് മാതൃകാപരമായി ശിക്ഷിച്ചത്.
യുവാക്കളായ അഞ്ചംഗ സംഘമാണ് ലോക്ക്‌ഡൗണിലെ 'മടുപ്പ്' മാറ്റാന്‍ പുറത്തിറങ്ങിയത്. കോട്ടയ്ക്കല്‍ എസ്എച്ച്ഒ ഹരി പ്രസാദിന്‍റെ മുന്‍പിലാണ് ഇവര്‍ എത്തിപ്പെട്ടത്. എങ്ങോട്ടാണ് എന്ന ചോദ്യത്തിന് 'വീട്ടിലിരുന്ന് മടുത്തു, ക്ലബ്ബിലേക്ക് ആണ്' എന്നായിരുന്നു ഇവരുടെ മറുപടി.
Read more: കൊവിഡ് വ്യാപനം തടയാന്‍ ജനങ്ങളുടെ സഹകരണം വേണമെന്ന് മലപ്പുറം കലക്‌ടർ
സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ വീട്ടിലേക്ക് പറഞ്ഞയച്ചതിന് ശേഷം ബാക്കി നാല് പേരേയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ വാഹന പരിശോധന നടത്തുന്ന സ്ഥലത്തെത്തി. തുടര്‍ന്ന് പരിശോധന നടത്തുന്ന വാഹനങ്ങളുടെ നമ്പർ എഴുതാനുള്ള ചുമതല ഇവരെ ഏല്‍പ്പിച്ചു. തങ്ങളുടെ കൊവിഡ് അനുഭവവും പൊലീസുകാര്‍ പങ്ക് വച്ചു. തെറ്റാവര്‍ത്തിക്കില്ലെന്ന് യുവാക്കള്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ വീടുകളിലേക്ക് പറഞ്ഞയച്ചത്.
Read more: യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ
ശക്തമായ നിയന്ത്രണം തുടരുന്ന ജില്ലയിലെ ചിലയിടങ്ങളില്‍ പൊലീസിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണ് കോട്ടയ്‌ക്കൽ പൊലീസ് വേറിട്ട ശിക്ഷാനടപടിയുമായി മുന്നോട്ട് വന്നത്.