മലപ്പുറം : മാസങ്ങളുടെ പരിശ്രമത്തിനൊടുവിൽ സ്പോർട്‌സ് കാർ നിർമിച്ച് പ്ലസ് ടു വിദ്യാർഥി ഹനീൻ. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഹനീൻ കാർ നിർമാണത്തിലേക്ക് കടക്കുന്നത്. ഒഴിവുവേളയിലായിരുന്നു കാര്‍നിര്‍മാണം. വീട്ടുകാരുടെ പൂർണ പിന്തുണയോടെ മുഴുവനായും ഹനീൻ ഒറ്റയ്ക്ക് തന്നെയാണ് രൂപകല്‍പ്പന ചെയ്‌തത്.
പഴയ ഒരു ഓംനി വാഹനത്തിന്‍റെ എൻജിനാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. വെൽഡിങ്ങിന് ആവശ്യമായ മെഷീനുകളും മറ്റും സ്വന്തമായി വാങ്ങിയായിരുന്നു നിർമാണം. കാറുകളോടുള്ള താൽപര്യമാണ് വാഹന നിർമാണത്തിലേക്ക് എത്തിച്ചതെന്നും ഏകദേശം ഒരു ലക്ഷത്തോളം രൂപയോളം ഇതിനായി ചെലവഴിച്ചുവെന്നും ഹനീൻ പറയുന്നു.
ALSO READ: യുദ്ധഭൂമിയില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ഥിനി: 'സുഹൃത്തുക്കളുടെ ജീവൻ ആശങ്കയില്‍'
വാഹനം നിർമിച്ചെങ്കിലും റോഡിലൂടെ യാത്ര ചെയ്യാൻ അനുമതിയില്ല. എക്‌സിബിഷനിലും മറ്റും കാർ പ്രദർശിപ്പിക്കാനാണ് ഹനീന്‍റെ തീരുമാനം. ഭാവിയിൽ ഓട്ടോമൊബൈൽ എഞ്ചിനീയർ ആവാനാണ് താൽപര്യമെന്നും ഹനീൻ അറിയിച്ചു.
എടവണ്ണ സ്വദേശിയായ ഹനീൻ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ് വിദ്യാർഥിയാണ്. ചെമ്പക്കുത്ത് സ്വദേശി പൂവൻ കാവിൽ നഹാസ് അമ്പായത്തിങ്ങൽ ബുഷൈറ ദമ്പതികളുടെ മകനാണ്.