മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു. വരുന്ന തെരഞ്ഞടുപ്പുകളിൽ സംസ്ഥാന തലത്തിൽ മുസ്‌ലിം ലീഗിനെ നയിക്കാനുള്ള ചുമതലകൾ പികെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയതായി പാണക്കാട് ഹൈദരലി തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വിജയസാധ്യത പരിശോധിച്ചു കൂട്ടായി പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പിന്‍റെ പരിപൂര്‍ണ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കും. കഴിഞ്ഞ തവണ ചുമതല ഏല്‍പ്പിച്ചത് വിജയമായെന്നും മുസ്‌ലിം ലീഗ് ഉന്നത അധികാര സമിതി യോഗത്തില്‍ വിലയിരുത്തി.
പാര്‍ട്ടിയുടെ അഖിലേന്ത്യാ ഉത്തരവാദിത്തം ഇനി ഇ.ടി മുഹമ്മദ് ബഷീര്‍ എംപിക്കായിരിക്കും. അതേസമയം വരുന്ന തെരഞ്ഞെടുപ്പുകളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ലീഗ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കേരള കോൺഗ്രസിലെ പിളർപ്പ് യുഡിഎഫിനെ ബാധിക്കില്ലെന്നും പികെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു. വരുന്ന തെരഞ്ഞടുപ്പുകളെ നേരിടാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് മുസ്‌ലിം ലീഗ് ഉന്നത അധികാര സമിതി മലപ്പുറത്ത് ലീഗ് ഹൗസിൽ യോഗം ചേർന്നത്.