മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പെരിന്തല്‍മണ്ണ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. തന്നെ മത്സരിപ്പിക്കണമെന്ന് വാർഡ് കമ്മിറ്റി യോഗമെടുത്ത തീരുമാനം സ്ഥലം എംഎല്‍എയായ മഞ്ഞളാംകുഴി അലി ഇടപെട്ട് അട്ടിമറിച്ചെന്ന് മുൻ കൗൺസിലർ പച്ചീരി ഫാറൂഖ് ആരോപിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും എംഎല്‍എയുടേത് കപട രാഷ്ട്രീയമാണെന്ന് ഫാറൂഖ് പറഞ്ഞു. പിന്നാലെ നഗരസഭ 15-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഫാറൂഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തന്‍റെ ഭാര്യയും മുൻ കൗൺസിലറുമായ പച്ചീരി സുരയ്യയും നഗരസഭയുടെ 10 -ാം വാർഡിൽ പത്രിക നൽകുമെന്നും ഫാറൂഖ് പറഞ്ഞു.
നിലവിൽ മൂന്ന് പ്രാവശ്യം മത്സരിക്കാൻ പാടില്ലെന്ന നേതൃത്വ തീരുമാനം തനിക്ക് മാത്രമായി ചുരുക്കിയെന്നും പുലാമന്തോൾ പഞ്ചായത്തിലും താഴക്കോട് പഞ്ചായത്തിലും മൂന്ന് തവണയിലേറെ മത്സരിച്ചവർക്ക് അവസരം നൽകിയെന്നും ഫാറൂഖ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ആഭ്യന്തര കലാപവും വിമത സ്ഥാനാര്‍ഥി രംഗത്തെത്തിയതും അണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.