മലപ്പുറം: ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാം അടച്ചുപൂട്ടണമെന്ന ആവശ്യത്തിലുറച്ച് നാട്ടുകാർ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വീണ്ടും പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സെറീന മുഹമ്മദാലി ചെയര്‍പേഴ്‌സണായ എടക്കര അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ പാറലിയില്‍ തുടങ്ങിയ ഫാമിനെതിരെയാണ് നാട്ടുകാർ തിങ്കളാഴ്ചയും പ്രതിഷേധവുമായി രംഗത്തെത്തിയത്. ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്ത ഫാമിനെതിരെ ജനകീയ സമരം ഉണ്ടായതോടെ അന്നുതന്നെ പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
എന്നാൽ പഞ്ചായത്തിന്‍റെ നടപടി വക വയ്ക്കാതെ ഫാമിന്‍റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ഇതാണ് നാട്ടുകാരെ വീണ്ടും ചൊടിപ്പിച്ചത്.തിങ്കളാഴ്ച പഞ്ചായത്തിലെത്തിയ പ്രതിഷേധക്കാർ ഓഫീസിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി സമരക്കാരെ നീക്കം ചെയ്തു. ശേഷം എടക്കര എസ്.ഐയും പഞ്ചായത്ത് സെക്രട്ടറിയും സമരക്കാരുമായി ചര്‍ച്ച നടത്തി. ഇതേതുടർന്ന് മെഡിക്കൽ ഓഫീസർ, വെറ്ററിനറി സർജൻ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ഫാമിന്‍റെ പ്രവര്‍ത്തനം സമീപവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 48 മണിക്കൂറിനുള്ളിൽ ഫാം അടച്ചുപൂട്ടുമെന്ന് പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ ഉത്തരവിട്ടു. ഇതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.