മലപ്പുറം/ന്യൂഡല്‍ഹി: മഞ്ചേരി സഹകരണ ബാങ്കിന്‍റെ സെർവർ ഹാക്ക് ചെയ്‌ത് 70 ലക്ഷത്തോളം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ട് നൈജീരിയക്കാർ അറസ്റ്റിൽ. ഇമ്മാക്കുലേറ്റ് ചിന്നസ് എന്ന യുവതിയും ഇന്ന കോസ്മോസ് എന്ന യുവാവുമാണ് പിടിയിലായത്. സൈബർ ക്രൈം പൊലീസ് എസ്എച്ച്ഒ എം.ജെ അരുണിന്‍റെ നേതൃത്വത്തിൽ 15 ദിവസം ഡൽഹിയിൽ തങ്ങിയുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
വ്യാജ സിം കാർഡുകൾ സംഘടിപ്പിച്ച് നമ്പറുകളിലേക്ക് ഒടിപി വരുത്തിയാണ് തട്ടിപ്പ്. മൊബൈൽ ബാങ്കിങ് ഇല്ലാത്ത ഉപഭോക്താക്കളുടെ ദിവസേനയുള്ള ഇടപാട് പരിധി ഉയർത്തി നാല് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നാണ് പ്രതികൾ പണം തട്ടിയതെന്ന് ബാങ്ക് മാനേജർ അബ്ദുല്‍ നാസർ അറിയിച്ചു.
തട്ടിപ്പ് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ബാങ്ക് മാനേജർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം ഡിവൈഎസ്‌പി അബ്‌ദുൽ ബഷീർ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ, ഡാൻസാഫ് സ്ക്വാഡ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
തുടർന്ന് ബാങ്കിൽ നൽകിയ വ്യാജമായ നമ്പറുകളെക്കുറിച്ചുള്ള അന്വേഷണം പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു. തട്ടിയെടുത്ത പണം 19 ബാങ്കുകളിലേക്കാണ് പ്രതികൾ മാറ്റിയത്. ബിഹാർ, മിസോറം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വ്യാജമായ മേൽവിലാസങ്ങൾ നൽകിയാണ് തട്ടിപ്പുകാർ പലരുടെയും അക്കൗണ്ട് തുടങ്ങിയത്. എടിഎം വഴി ഡൽഹി, മുബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് പണം പിൻവലിച്ചു.
അതേസമയം ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം ഭൂരിഭാഗവും നൈജീരിയയിലേക്ക് കൈമാറിയതായും ഇടനിലക്കാരായി പ്രവർത്തിച്ച് ബാങ്കിടപാടുകൾ നടത്തിയവർക്ക് കമ്മിഷനായി നൽകിയതായും പ്രതികൾ സമ്മതിച്ചു. ബാങ്കിന്‍റെ സെർവർ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ ബാങ്ക് സെർവറും മൊബൈൽ ബാങ്കിങ് സെർവറും കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനികൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളെ ഡൽഹിയിൽ പോയി പിടികൂടിയ സംഘത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ റിയാസ്, സിപിഒ കെ ടി രഞ്ജിത്ത്, വനിതാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപ, ഡാൻസാഫ് സ്ക്വാഡിലെ ശൈലേഷ്, സലിം ദിനേശ് പൊലീസ് ഡ്രൈവർ സി വി രാമചന്ദ്രൻ, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.