മലപ്പുറം: സ്വർണക്കടത്ത് കേസിൽ സംശയത്തിന്‍റെ നിഴലിലായ മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മാർച്ച് നടത്തി. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വിശി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കേസിൽ സിപിഎം - ബിജെപി ഒത്ത് തീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരം ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്. എന്നാൽ സർക്കാർ സമരം ക്ഷണിച്ചു വരുത്തിയാൽ നോക്കി നിൽക്കാനാവില്ല. ബന്ധു നിയമനത്തെക്കുറിച്ച് ചോദിച്ചാലും മാർക്ക് ദാനത്തെക്കുറിച്ചു ചോദിച്ചാലും അഴിമതിയെക്കുറിച്ചു ചോദിച്ചാലും മന്ത്രി പറയുന്നത് 2006ൽ കുറ്റിപ്പുറത്ത് ലീഗിനെ തോൽപിച്ചില്ലെ എന്നാണ്. സ്വർണക്കടത്തിനെക്കുറിച്ചു ചോദിച്ചാൽ എന്‍റെ മക്കൾക്ക് ഒരു തരി സ്വർണ്ണമില്ലെന്നാണ് മറുപടി. കെ.ടി ജലീലിനോട് മുസ്‌ലിം ലീഗിന് പകയില്ലെന്നും ഫിറോസ് പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ കോട്ടക്കലിൽ മത്സരിക്കാൻ ഫിറോസ് ജലീലിനെ വെല്ലുവിളിച്ചു. മന്ത്രിയായി തുടർന്നാൽ കേസ് അട്ടിമറിക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. പെരിയ കൊലപാതക കേസിൽ സിബിഐ ആവശ്യപ്പെട്ടിട്ട് പോലും ഫയലുകൾ നൽകാത്ത സംഭവം നമ്മുടെ മുന്നിലുണ്ടല്ലോ എന്നും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.