മലപ്പുറം: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും എം.സി ഖമറുദ്ദീന്‍ എം.എല്‍.എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാണക്കാട്ട് നടന്ന കാസര്‍കോട് ജില്ലാ നേതാക്കളുടേയും സംസ്ഥാന നേതാക്കളുടേയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു തങ്ങള്‍. പാര്‍ട്ടി ജില്ലാ നേതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് യോഗ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
പാര്‍ട്ടി നിക്ഷേപകര്‍ക്കൊപ്പമാണ്. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്തിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന് കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരംഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ട്. വിഷയം പാര്‍ട്ടി ഗൗരവമായാണ് കാണുന്നതെന്നും മജീദ് പറഞ്ഞു. ബിസിനസ് പൊളിഞ്ഞു എന്നാണ് ഖമറുദ്ദീന്‍റെ വിശദീകരണമെന്നും അല്ലാതെ വഞ്ചിച്ചതല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസുമായി മുന്നോട്ടു പോവുന്നവര്‍ക്ക് മുന്നോട്ട് പോവാം. ബാധ്യത പാര്‍ട്ടി ഏറ്റെടുക്കുന്നില്ല. ഇതു സ്വകാര്യ കടമാണ്. പാര്‍ട്ടി ഇതില്‍ ഇടപെട്ടത് ധാര്‍മികമായാണ്. ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഇതില്‍ മധ്യസ്ഥത വഹിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.