മലപ്പുറം: മേലാറ്റൂർ പൊലീസ് സ്റ്റേഷന് വേണ്ടി പുതുതായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. നിലവിലെ പൊലീസ് സ്റ്റേഷന് മുൻവശത്തായാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ അനുവദിച്ച 94 ലക്ഷം രൂപ ചെലവിലാണ് കേരള പൊലീസ് ഹൗസിങ്ങ് കോർപ്പറേഷന്‍റെ മേൽനോട്ടത്തിൽ ഇരുനില കെട്ടിടത്തിന്‍റെ പ്രവൃത്തി പൂർത്തീകരിച്ചത്.
ഫ്രണ്ട് ഓഫീസ് സംവിധാനം, സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഇൻസ്പെക്ടർ എന്നിവർക്ക് പ്രത്യേക മുറികൾ, വനിതകൾക്കായി പ്രത്യേക വിശ്രമമുറി, പൊലീസുകാർക്ക് പ്രത്യേക വിശ്രമമുറി, തുടങ്ങിയ സംവിധാനങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്. കാലപ്പഴക്കമേറെയുള്ള കെട്ടിടത്തിലാണ് സ്റ്റേഷനിപ്പോഴും പ്രവർത്തിക്കുന്നതെന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് മേലാറ്റൂർ ടൗണിന്‍റെ ഹൃദയഭാഗത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടമുയർന്നത്. ഉദ്ഘാടനച്ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോൺഫറൻസിലൂടെ റിപ്പോർട്ട് അവതരിപ്പിച്ചു.