മലപ്പുറം : 76 ലും മാറാക്കര കല്ലുപാലം പാലക്കത്തൊടി സ്വദേശി മരക്കാര്‍ ഹാജിക്ക് പഠനത്തോട് പ്രണയമാണ്. സംസ്ഥാനത്ത് പത്താംതരം തുല്യത പരീക്ഷയെഴുതുന്നവരില്‍ പ്രായം കൂടിയ പഠിതാവാണ് ഇദ്ദേഹം.
തിങ്കളാഴ്ച വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളില്‍ മരക്കാർ ഹാജി പരീക്ഷയെഴുതും. ചെറുപ്പത്തിൽ പഠനം നിർത്താന്‍ നിര്‍ബന്ധിതനായെങ്കിലും ആ മോഹം ഉറവ വറ്റാതെ ഖല്ബിലുണ്ടായിരുന്നു. 10 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ മടങ്ങിയെത്തി വീട്ടിൽ വെറ്റില കൃഷിയിൽ ഏർപ്പെട്ടു.
മത-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനിടെയാണ് വീണ്ടും പഠിക്കണമെന്ന ചിന്തയുണരുന്നത്. പഞ്ചായത്ത് സാക്ഷരത പ്രേരക് കെ.പി. സിദ്ദിഖിന്റെ പ്രോത്സാഹനം ലഭിച്ചതോടെ ഏഴാം തരം തുല്യതയ്ക്ക് ചേർന്നു.
വിജയിച്ചതോടെ പത്താം ക്ലാസ് പഠനത്തിനായി കരിപ്പോൾ ഗവ. ഹൈസ്കൂളിലെ പഠനകേന്ദ്രത്തിൽ ചേർന്നു.
സഹായങ്ങളുമായി പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ പേരക്കുട്ടിയും
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പേരക്കുട്ടി റിഫാഹ് വലിയുപ്പയെ ഓൺലൈൻകാല പഠനത്തിൽ സഹായിക്കാനെത്തിയപ്പോൾ ആത്മവിശ്വാസം കൂടി.
തുല്യത അധ്യാപകരുടെ ഓൺലൈൻ ക്ലാസിനൊപ്പം സാക്ഷരത മിഷന്റെ യൂട്യൂബ് ചാനലിനെയും പഠനപ്രവർത്തനങ്ങൾക്കായി ആശ്രയിക്കുന്നുണ്ട് മരക്കാർ ഹാജി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഇ സാക്ഷരത പ്രചാരണ ബ്രാൻഡ് അംബാസിഡർ കൂടിയായിരുന്നു ഇദ്ദേഹം.
പൂർണപിന്തുണയുമായി കുടുംബം
സാക്ഷരത മിഷൻ പ്രസിദ്ധീകരണമായ അക്ഷരകൈരളിയുടെ മുഖചിത്രമായി മരക്കാർ ഹാജിയുടെ ഓണ്‍ലൈന്‍ പഠന ചിത്രം വന്നിരുന്നു. ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകി ഹാജിക്കൊപ്പമുണ്ട്.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാകേന്ദ്രത്തിൽ ഹാൾ ടിക്കറ്റ് വാങ്ങാനെത്തിയ മരക്കാർ ഹാജിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി സ്വീകരിച്ചു.
പ്രസിഡന്റിനൊപ്പം സ്കൂൾ പ്രധാനാധ്യാപിക ടി.വി. ഷീല, സാക്ഷരത മിഷൻ ബ്ലോക്ക് നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു എന്നിവരും ഉണ്ടായിരുന്നു.
READ MORE: 'വീട് ഒരു വിദ്യാലയം' ; പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കുക ലക്ഷ്യം