മലപ്പുറം: ഓരോ പരിസ്ഥിതി ദിനത്തിലും വൃക്ഷത്തൈ നടുക എന്നതാണ് നമ്മുടെ രീതി. പക്ഷേ അതിനിടെയിലും നാടിന്‍റെ ശാപമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പ്രകൃതി സംരക്ഷണം ജീവിതമാർഗ്ഗമാക്കിയ നിരവധി ആളുകളുണ്ട്. ഈ പരിസ്ഥിതി ദിനത്തില്‍ അവർക്കൊപ്പം ചേരുകയാണ് മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ഒരു സംഘം ചെറുപ്പക്കാർ.
പ്രകൃതി ഭംഗി നിറയുന്ന നരിയാറകുന്ന് പ്രദേശത്തെ പ്ലാസ്റ്റിക് കുപ്പികളാണ് ഇവർ ആദ്യം ശേഖരിച്ചു തുടങ്ങിയത്. പിന്നീട് ചെറിയമുണ്ടം പഞ്ചായത്ത് സ്റ്റേഡിയം, ഗവൺമെന്‍റ് ഐടിഐ, ചമ്രവട്ടം കുടിവെള്ള പദ്ധതി ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇവർ ശേഖരിച്ചു. ഇതറിഞ്ഞെത്തിയ നിറമരുതൂർ ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഇവർ ശേഖരിച്ച ഓരോ കുപ്പിക്കും അഞ്ചു രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
ആയിരത്തിൽ കൂടുതൽ പ്ലാസ്റ്റിക് കുപ്പികളാണ് യുവാക്കൾ ശേഖരിച്ചത്. പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമാണെന്നും പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു തരത്തിലുള്ള നടപടിയുമുണ്ടായില്ലെന്നും ഇവർ ആരോപിച്ചു.
Also read: ദൈവത്തിന്‍റെ സ്വന്തം നാട്, വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭൂപ്രകൃതി, കാത്തുവെയ്ക്കാം വരും തലമുറയ്ക്കായി