മലപ്പുറം: കഴിഞ്ഞ പ്രളയത്തിലെ ഉരുള്‍പൊട്ടലില്‍ ഇഴുകാതോട്ടില്‍ പതിച്ച മണ്ണും കല്ലും നീക്കാത്തതില്‍ ആശങ്കയില്‍ പോത്തുകൽ പഞ്ചായത്തിലെ പാതാര്‍ നിവാസികള്‍. 2019 ഓഗസ്റ്റ് എട്ടിന് ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർന്നിരുന്നു. ഇവ നീക്കാത്തതിനാല്‍ ഒരു ചെറിയ മഴ വന്നാൽ പോലും തോട് കരകവിഞ്ഞ് ഒഴുകുമെന്ന സ്ഥിതിയിലാണ്. കാലവർഷത്തിന് ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കഴിഞ്ഞ പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട സിജോ പുളിയനാച്ച് പറഞ്ഞു.
50 ലക്ഷം രൂപ ചെലവ് വരുന്ന കല്ലു നീക്കലിന് നിലവില്‍ രണ്ട് ലക്ഷം രൂപ പോത്തുകല്‍ ഇംപ്രൂവ്മെന്‍റ് സൊസൈറ്റി അനുവദിച്ചിരുന്നു. ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പാതാർ മറ്റൊരു പ്രളയത്തെ കൂടി നേരിടേണ്ടിയ അവസ്ഥയിലാണെന്ന് ഗ്രാമ പഞ്ചായത്ത് മുൻ അംഗം എം.എം ജോസ് പറഞ്ഞു.